രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇനിയും പണം കൊടുക്കും’; ആരും പേടിപ്പിക്കാന് വരേണ്ടെന്ന് പി സി ജോര്‍ജ്

രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി പി സി ജോര്‍ജ്. താന്‍ ദൈവവിശ്വാസിയാണെന്നും ആരാധനാലയം പണിയാന്‍ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും പൂഞ്ഞാര്‍ എംഎല്‍എ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. അതിന്റെ പേരില്‍ പേടിപ്പിക്കാന്‍ ആരും വരേണ്ടെന്നും എംഎല്‍എ പ്രതികരിച്ചു. ആര്‍എസ്എസിന് പണം കൊടുത്തതിനേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ.

പണം പിരിക്കാന്‍ ആര് നടക്കുന്നു എന്നതിലല്ല കാര്യം. എന്ത് ആവശ്യത്തിന് എന്നതാണ് എന്റെ വിഷയം.

പി സി ജോര്‍ജ്
രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റി എന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ല. എല്‍ദോസിന്റ നടപടി എംഎല്‍എ വര്‍ഗത്തിന് തന്നെ മാനക്കേടാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി. ‘പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജില്‍ നിന്ന്അയോധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രനിധി ആര്‍എസ്എസ് കോട്ടയംസേവാപ്രമുഖ് ആര്‍ രാജേഷ് ഏറ്റുവാങ്ങുന്നു’ എന്ന ക്യാപ്ഷനോടെയുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പി സി ജോര്‍ജ് പറഞ്ഞത്

“റോമന്‍ കത്തോലിക്കന്‍ ആണ്. പക്ഷെ ഒരു കാര്യമുണ്ട്. ഞാന്‍ ദൈവ വിശ്വാസിയാണ്. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ചിലര്‍ അള്ളാഹുവില്‍, ചിലര്‍ പരമേശ്വരനില്‍, എല്ലാം ദൈവ വിശ്വാസം. ദൈവ വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് ചെയ്യുക. മോസ്‌ക് പണിയാനും പള്ളി പണിയാനും കാശ് കൊടുത്തിട്ടു. രാമക്ഷേത്രത്തിന് പണം കൊടുത്തു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. എന്നാല്‍ ഇത് പറഞ്ഞ ആരും പേടിപ്പിക്കാന്‍ വരേണ്ട. രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റി എന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ല. എല്‍ദോസിന്റ നടപടി എംഎല്‍എ വര്‍ഗത്തിന് തന്നെ മാനക്കേടാണ്.”
Previous Post Next Post