തൃക്കരിപ്പൂര്‍: വലിയപറമ്പയില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ട് കാണാതായ 10 വയസ്സുകാരിയുടെ മൃതശരീരം കണ്ടെത്തി. ജുമാ മസ്ജിദിന് സമീപത്തെ പി കെ സലീനയുടേയും മുഹമ്മദ് കുഞ്ഞിയുടെയും മകള്‍ പി കെ റുഖിയ (10) യെയാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതലാണ് കുട്ടിയെ കാണാതായത്. സംസാര ശേഷിയില്ലാത്ത റുഖിയ വലിയപറമ്പ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
വൈകീട്ട് റുഖിയ പുഴക്കരയില്‍ കളിക്കുന്നത് കണ്ടതായി പരിസരവാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ വലിയപറമ്പ് പുഴ കടവിന് സമീപത്തെ തടയണക്ക് സമീപത്ത് വെച്ച് മത്സ്യ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്തിയത്. ഉടന്‍ ചന്തേര പൊലീസില്‍ വിവരം നല്‍കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.