13കാരിയുടെ മൃതദേഹം പുഴയിൽ; പിതാവിനെ കാണാനില്ല






കൊച്ചി: മുട്ടാർപുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപം പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റ ഗ്രീൻ 6–എയിൽ സനു മോഹന്റെ മകൾ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്. പിതാവ‌ിനെ കാണാതായിട്ടുണ്ട്.

സനുമോഹൻ മകളുമൊന്നിച്ചു പുഴയിൽ ചാടിയതാണെന്നു പൊലീസ് സംശയിക്കുന്നു. ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം അവസാനിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക്  മഞ്ഞുമ്മൽ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്. മ‍ൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഞായറാഴ്ച രാത്രി  മുതൽ ഇരുവരെയും കാൺമാനില്ലെന്നു കാണിച്ച് സനുമോഹന്റെ ബന്ധുവായ പ്രവീൺ ഇന്നലെ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയിൽ പറയുന്നതിങ്ങനെ: സനുമോഹനും ഭാര്യ രമ്യയും മകൾ വൈഗയും 5 വർഷമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് താമസം. ഇന്റീരിയർ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹൻ. ഞായർ വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു.ഭാര്യയെ അവിടെ ആക്കിയ ശേഷം 7 മണിയോടെ അടുത്തൊരു വീട്ടിൽ പോയി വരാം എന്ന് പറഞ്ഞ് ആ വീട്ടിൽ നിന്ന് പോയി. രാത്രി 12 മണി വരെ കാണാതായപ്പോൾ തന്നെ പോകുമെന്ന് പറഞ്ഞ വീട്ടിൽ ചെന്ന് അന്വേഷിച്ചു. അവിടെ എത്തിയില്ല എന്നറിഞ്ഞപ്പോൾ ബന്ധുക്കൾ ഫ്ലാറ്റിലെത്തി അന്വേഷിച്ചു.9 10 ന് ഫ്ലാറ്റിന് അടുത്തേക്ക് സനു കാർ ഓടിച്ചു വരുന്നതായി മറ്റൊരു താമസക്കാരും കണ്ടിട്ടുണ്ട്.രണ്ടു മൂന്നു പേർ സനൂവിനെ അന്വേഷിച്ചു വന്നിരുന്നതായും അതിലൊരാൾ എന്തോ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വന്നതാണെന്ന് പറഞ്ഞിരുന്നതായും സെക്യൂരിറ്റി പറയുന്നു.അതേസമയം എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി ബന്ധുക്കൾക്ക് അറിവില്ല 

40 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം എസ് ബി അക്കൗണ്ടിൽ 4 ലക്ഷത്തോളം രൂപയും ഉള്ളതായി ബന്ധുക്കൾ പറയുന്നു.പാൻ കാർഡുമായി ലിങ്ക് ചെയ്യാതെ വലിയൊരു ഇടപാട് നടത്തിയതിനാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിചിരിക്ക്കുകയാണെന്നും ഉടനെ ശരിയാവും എന്നും സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ഭാര്യയുടെ ഫോൺ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ബന്ധു പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


Previous Post Next Post