മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി’; ഇഡിയെ കുരുക്കി ക്രൈംബ്രാഞ്ച്, കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്



തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലാണ് കേസ്. ഗൂഢാലോചന നടത്തിയതിനും അന്വേണഷ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. സ്വപ്‌നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് കേസെടുക്കുന്നത് അപൂര്‍വമായാണ്.

കേന്ദ്ര ഏജന്‍സി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന വ്യക്തമാക്കി സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ നേരത്തെ ഒരു ശബ്ദരേഖ പുറത്തുവന്നിരുന്നു. ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്് ഇഡി തന്നെയായിരുന്നു ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ചും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നവംബറില്‍ ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ജയില്‍ ഡിജിപിയും ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു.

പ്രചരിക്കുന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സ്വപ്‌ന ജയില്‍ ജീവനക്കാര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയിരുന്നു. സ്വപ്‌ന ഇഡിയുടെ കസ്റ്റഡിയിലുണ്ടായിരുന്നപ്പോള്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഇതില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായി തങ്ങള്‍ കേട്ടിരുന്നെന്നും മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന് സ്വപ്‌ന തങ്ങളോട് പറഞ്ഞെന്നും മൊഴി നല്‍കിയത്.

ഇവയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തോടെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ആരുടെയും പേര് എടുത്ത് പറയാതെയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗൂഢാലോചനയ്ക്കും വ്യാജമൊഴി രേഖപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനുമാണ് കേസ്.
Previous Post Next Post