ന്യൂഡല്‍ഹി: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുക.
കേരളത്തില്‍ പത്തനംതിട്ടയും കൊല്ലവും ഒഴികെ പന്ത്രണ്ട് ജില്ലകളും കേന്ദ്രം തയ്യാറാക്കിയ പട്ടികയിലുണ്ട്.
സംസ്ഥാനത്ത് 23.24 ആണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നേരത്തെ തന്നെ ഐ.എം.എ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ കര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗ വ്യാപനം തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും ഇതേ അഭിപ്രായമായിരുന്നു എല്ലാവരും പങ്കുവെച്ചത്. എന്നാല്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേരളവും ഒരു പക്ഷേ ലോക്ക്ഡൗണിനെപ്പറ്റി ചിന്തിച്ചേക്കും.
രോഗനിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ ഏതാനും ആഴ്ചകള്‍ ശക്തമായ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിലൂടെ വ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കണക്ക് കൂട്ടുന്നത്. നേരത്തെ പ്രാദേശിക ലോക്ക്ഡൗണുകള്‍ക്കായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിരുന്നത്. രോഗവ്യാപനം തീവ്രമാകുന്ന പശ്ചാതലത്തിലാണ് ലോക്ക്ഡൗണിലേക്ക് തന്നെ പോകാനൊരുങ്ങുന്നത്.