തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സർക്കാർ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി.
നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെങ്കിലും വളരെ തിരക്കേറിയ രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ കൂടുതൽ സർവ്വീസുകൾ നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അതിന് വേണ്ടി ഷെഡ്യൂളുകൾ പുന:ക്രമീകരിക്കുകയും ചെയ്തു.
രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ പരമാവധി ഓർഡിനറി/ ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവീസ് നടത്തും. 12 മണിക്കൂർ സ്പ്രെഡ് ഓവറിൽ തിരക്കുള്ള സമയമായ രാവിലെ 7 മുതൽ 11 വരെയും, വൈകിട്ട് 3 മണി മുതൽ രാത്രി 7 മണി വരെയും രണ്ട് സ്പെല്ലുകളിലായി 7 മണിക്കൂർ സ്റ്റീയറിംഗ് മണിക്കൂർ വരുന്ന രീതിയിൽ സിംഗിൽ ഡ്യൂട്ടിയായി ജീവനക്കാരെ ക്രമീകരിക്കും.
രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയവും, രാവിലെ 7 മണിക്ക് മുൻപും, വൈകിട്ട് 7 മണിക്ക് ശേഷവും വരുമാനമുള്ള ട്രിപ്പുകളിലെ ഷെഡ്യൂളുകൾ സർവീസ് നടത്തി ജീവനക്കാരുടെ സിംഗിൽ ഡ്യൂട്ടി ക്രമീകരിക്കും. ഡബിൾ ഡ്യൂട്ടി സമ്പ്രദായം 20 ശതമാനത്തിലധികം ജീവനക്കാർക്ക് അനുവദിക്കില്ലെന്നും നിർദ്ദേശത്തിലുണ്ട്.