സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ അറസ്റ്റിൽ





കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ  അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ എം എസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കലൂർ മൈട്രോ സ്റ്റേഷൻ പരിസരത്തേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയെ ദമ്പതികൾ വിളിച്ചുവരുത്തിയത്.  തുടർന്ന് പെൺകുട്ടിയെ കാറിൽ ബലമായി കയറ്റിയ ശേഷം മുഖത്ത് മുളക് സ്പ്രേ അടിക്കുകയും ചെയ്തു. 

പിന്നീട് പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്‍റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും ഇവർ കവർന്നു. ശേഷം പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് പെൺകുട്ടിയെ ഇവർ ഇറക്കിവിട്ടു. സമാനമായ രീതിയിൽ വൈറ്റില നിന്ന് മറ്റൊരു പെൺകുട്ടിയുടെ കൈയിൽ നിന്ന് 20,000 രൂപ ദമ്പതികൾ കവർന്നിരുന്നു. 

ഇരുവരുടെയും പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയിൽ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.


Previous Post Next Post