ബെവ്‌കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സരിത എസ്. നായരുടെ അറസ്റ്റ് രേഖപ്പെടുത്തി.




കണ്ണൂ‌ര്‍: ബെവ്‌കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സരിത എസ്. നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂര്‍ ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സരിതയെ അറസ്റ്റ് ചെയ്യാന്‍ നെയ്യാറ്റിന്‍കര പൊലീസിന് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3) അനുമതി നല്‍കിയിരുന്നു. അറസ്റ്റിന്റെ വിവരം നെയ്യാറ്റിന്‍കര കോടതിയില്‍ അന്വേഷണ സംഘം അറിയിക്കും.

തിരുപുറം മുള്ളുവിളയിലെ എസ്.എസ്. ആദര്‍ശിന് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ സരിതയും സംഘവും തട്ടിയെന്നാണ് കേസ്. സരിത കേസിലെ രണ്ടാം പ്രതിയാണ്. കുന്നത്തുകാല്‍ പാലിയോട് സ്വദേശികളായ രതീഷ്, ഷാജു പാലിയോട് എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍. രതീഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ സരിത കണ്ണൂര്‍ ജില്ലാ ജയിലിലെ സിഎഫ്‌എല്‍ടിസിയിലാണുള്ളത്. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു എന്ന കേസിലായിരുന്നു കോടതി ഉത്തരവ്.


أحدث أقدم