മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ശൈലജ ടീച്ചര്‍; ‘ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു



മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍: ”മുഖ്യമന്ത്രി കൊവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികള്‍ക്കൊന്നും മുഖ്യമന്ത്രി പോയിട്ടില്ല. എന്തുണ്ടായാലും വിവാദമുണ്ടാക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. കൊവിഡ് പോസിറ്റീവായപ്പോള്‍ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.”

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആരോപിച്ചിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത് ഏത് ദിവസമാണെന്ന് വ്യക്തമാക്കണം. നാലാം തീയതിയാണ് രോഗം ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ റാലിയും പ്രോട്ടോക്കോള്‍ ലംഘനമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആള്‍ പെരുമാറേണ്ട രീതിയില്‍ അല്ല മുഖ്യമന്ത്രി പെരുമാറിയത്. ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാമെന്നാണോയെന്നും മുരളീധരന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശൈലജ ടീച്ചറുടെ പ്രതികരണം.
Previous Post Next Post