മഹാരാഷ്ട്ര: താനെയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ താനെക്ക് സമീപമുള്ള മുംബ്രയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ ആശുപത്രിയുടെ ഒന്നാം നില നശിച്ചു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു സംഭവം. തുടര്‍ന്ന് മൂന്ന് ഫയര്‍ എഞ്ചിനുകളും അഞ്ച് ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇരുപത് രോഗികളെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇതില്‍ ആറു പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്. ആശുപത്രിയില്‍ കൊവിഡ് രോഗികളില്ലായിരുന്നു.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും.
മുന്‍പ് ഏപ്രില്‍ 23 ന് മഹാരാഷ്ട്രയിലെ വിഹാര്‍ വിജയ് വല്ലഭാ ആശുപത്രിയില്‍ ഐസിയുവിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരണപ്പെട്ടിരുന്നു.