ജമാഅത്തെ ഇസ്ലാമി കേരള അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തന്നെ വര്‍ഗീയവാദിയാക്കാന്‍ സിപിഐഎം നടത്തിയ ശ്രമത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പരോക്ഷമായി പിന്താങ്ങിയതായി തോന്നിയിട്ടുണ്ടെന്ന് എംഎം ഹസന്‍. തനിക്കെതിരെ സിപിഐഎം നടത്തിയ പ്രചരണ കെണിയില്‍ കെപിസിസി അധ്യക്ഷനെ പോലെ ഒരാള്‍ വീണപ്പോള്‍ തനിക്ക് പരസ്യമായി പ്രതികരിക്കാന്‍ പരിമിതിയുണ്ടായിയെന്നും എംഎം ഹസന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജമാഅത്ത് അമീറിനെ കണ്ടതും കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവന്നതും യുഡിഎഫിനെ പ്രതിരോധത്തിലാക്കിയില്ലേ എന്ന ചോദ്യത്തിനായിരുന്നു ഹസന്‍റെ മറുപടി.
എംഎം ഹസന്റെ വാക്കുകള്‍: ”മറ്റു സമുദായ നേതാക്കളെ പലരെയും കണ്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. എന്നാല്‍ അമീറിനെ കാണാന്‍ പോയത് അങ്ങനെയല്ല. ഒരു ചാനലിനോടും പറഞ്ഞില്ല. ഞാനും ആര്യാടനും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശുമാണ് കൂടിക്കാഴ്ച്ചയില്‍ ഉണ്ടായത്. ഞങ്ങള്‍ ചായ കുടിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ മകനും പേരക്കുട്ടികളും വന്നു. കുട്ടികള്‍ ഞങ്ങളുടെ ഒരു പടമെടുക്കണമെന്ന് പറഞ്ഞു.”
”മകന്‍ അദ്ദേഹത്തിന്റെ മൊബൈലില്‍ ഒരു ഫോട്ടോ എടുത്തു. പിറ്റേന്ന് ‘അമീറിനെ കണ്ടിരുന്നോ’ എന്നു കൈരളി ചാനല്‍ വിളിച്ചു ചോദിച്ചു. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല എന്നുള്ളതിനാല്‍ കണ്ട കാര്യം ഞാന്‍ പറഞ്ഞു. തലയില്‍ മുണ്ടിട്ടു പോകേണ്ട ഒരു കാര്യവും ആ കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നില്ല. പടമെടുത്ത കൂട്ടത്തില്‍ അമീറും ഞങ്ങളും മാത്രമുള്ള ചിത്രവും മകന്‍ എടുത്തിരുന്നു. മീഡിയാ വണ്‍ ചാനലും അവരും തമ്മിലെ ബന്ധം അറിയാമല്ലോ. കൂടിക്കാഴ്ച്ച മകനോട് ചോദിച്ച് അവര്‍ സ്ഥിരീകരിച്ചപ്പോള്‍ ഫോട്ടോ ഉണ്ടെങ്കില്‍ തരാമോ എന്നു ചോദിച്ചു. അദ്ദേഹം അതു കൊടുക്കുകയും ചെയ്തു. മകനാണ് നല്‍കിയത് എന്ന് അമീര്‍ തന്നെയാണ് പിന്നീടുള്ള അന്വേഷണത്തില്‍ എന്നോടു പറഞ്ഞത്.”
”അദ്ദേഹം ബോധപൂര്‍വം അങ്ങനെ ചെയ്തതല്ല. മീഡിയ വണ്ണില്‍ വന്ന ചിത്രമാണ് കൈരളി ചാനല്‍ അടക്കം പിന്നീട് ഉപയോഗിച്ചത്. എന്നെ ഒരു വര്‍ഗീയ വാദിയാക്കി ചിത്രീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയ ശ്രമത്തെ പരോക്ഷമായി നമ്മുടെ ചില നേതാക്കള്‍ പിന്താങ്ങിയതായി എനിക്കു തോന്നി. ഏഴെട്ടു തെരഞ്ഞെടുപ്പില്‍ മത്സരിച്ച എനിക്ക് ഒരു തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടില്ല, എതിര്‍ത്തിട്ടേ ഉള്ളൂ. തിരുവനന്തപുരം വെസ്റ്റില്‍ ഞാന്‍ തോറ്റതു തന്നെ പിഡിപി സ്ഥാനാര്‍ഥിയുടെ സാന്നിധ്യം കൊണ്ടാണ്. എനിക്കെതിരെ സിപിഐഎം നടത്തിയ പ്രചാരണത്തിന്റെ കെണിയില്‍ കെപിസിസി പ്രസിഡന്റിനെപോലെ ഒരാള്‍ വീണപ്പോള്‍ എനിക്ക് പരസ്യമായി പ്രതികരിക്കാന്‍ അപ്പോള്‍ പരിമിതി ഉണ്ടായി. ഇപ്പോള്‍ വിശദീകരിക്കാവുന്ന സാഹചര്യം വന്നതു കൊണ്ടു പറയുന്നു.”