പൂരാഘോഷം അവിവേകമെന്ന് സാംസ്കാരിക നായകർ: നിർണായക യോഗം ഇന്ന്






തൃശൂര്‍ പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്. ജനങ്ങള്‍ ഇല്ലാതെ പൂരം നടത്തുന്നത് എന്തിനാണെന്ന ചോദ്യവുമായി തൃശൂരിന്റെ മുന്‍ എം.എല്‍.എ: തേറമ്പില്‍ രാമകൃഷ്ണന്‍ രംഗത്ത് എത്തി. പൂരാഘോഷം അവിവേകമാണെന്ന് സാംസ്കാരിക നായകരും പ്രതികരിച്ചു.   

കോവിഡ് വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനാണ് ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചത്. ഓണ്‍ലൈനിലൂടെ തൃശൂര്‍ ജില്ലാ കലക്ടറും കമ്മിഷണറും ഡി.എം.ഒയും യോഗത്തില്‍ പങ്കെടുക്കും. വാക്സീന്‍ ഒറ്റ ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് പൂരം പാസിന് അനുവദിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്യും. ആനപാപ്പാന്‍മാരെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും യോഗം പരിഗണിക്കും. അതേസമയം, തൃശൂര്‍ പൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് വാഗ്ദാനം നല്‍കി ദേവസ്വങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചെന്ന് മുന്‍ എം.എല്‍.എ  തേറമ്പില്‍ രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. 

കോവിഡ് കാലത്തെ പൂരാഘോഷം അവിവേകമാണെന്ന് സാംസ്കാരികനായകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മഹാമാരിയുടെ സമയത്ത് ജനവിരുദ്ധമാണ് ഇത്തരം ഒത്തുകൂടല്‍. കോവിഡ് മാനദണ്ഡം പാലിച്ചുള്ള പൂരം പ്രായോഗികമല്ലെന്നിരിക്കെ സമൂഹത്തോട് ഉത്തരവാദിത്വം കാണിക്കാന്‍ സംഘാടകര്‍ തയാറാകണമെന്ന് സാംസ്കാരിക നായകര്‍ ആവശ്യപ്പെട്ടു. കെ.ജി.ശങ്കരപ്പിള്ള, വൈശാഖന്‍ തുടങ്ങി മുപ്പത്തിരണ്ടു പേരാണ് സംയുക്തമായി പ്രസ്താവന ഇറക്കിയത്.


Previous Post Next Post