അതിതീവ്രമായാണ് കൊറോണയുടെ രണ്ടാമത്തെ തരംഗം രാജ്യത്ത് ആഞ്ഞു വീശുന്നത്. ലക്ഷക്കണക്കിന് ആളുകളെയാണ് ഓരോ ദിനവും കൊറോണ പിടികൂടുന്നത്. അതി രൂക്ഷമായാണ് രോഗം പലരേയും ബാധിക്കുന്നത്. നിരവധി പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.
ദിവസേനയുള്ള രോഗികളുടെയും മരണത്തിന് കീഴ്പ്പെട്ടവരുടെയും എണ്ണം ഈ മഹാമാരി എത്ര മാരകമാണെന്ന് തെളിയിക്കുന്നു. എന്നാല്‍ കൊറോണക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ് തെലുങ്കാന സംസ്ഥാനങ്ങളിലെ ഏറ്റവും പ്രായം കൂടിയ രണ്ട് വ്യക്തികള്‍.
ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ നിന്ന് 110 വയസ് പ്രായമുള്ള രാമാനന്ദ തീര്‍ത്ഥവും ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ 100 വയസുള്ള സീതാരാവമ്മയും ആണ് കൊറോണയെ തോല്‍പ്പിച്ച് ജീവിത്തിലേക്ക് മടങ്ങി വന്നത്.
ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കും ഇത്രയും പ്രായം കൂടിയ വ്യക്തികള്‍ കൊറോണ വൈറസിനെ അതിജീവിക്കുന്നത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍110കാരന്‍ രാമാനന്ദ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ജയിച്ചപ്പോള്‍ അത് ഒരു റെക്കോര്‍ഡ് നേട്ടമായി. പ്രതിസന്ധിഘട്ടത്തില്‍ തളരാതെ പൂര്‍ണ്ണ ധൈര്യത്തോടെ അദ്ദേഹം കൊറോണയോട് പോരാടിയപ്പോള്‍ നടന്നത് ഒരു അത്ഭുതമാണ്.
സമാനമായി ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സീതാരാവമ്മയുടെ അതിജീവനവും ചെറുപ്പക്കാര്‍ക്ക് ഒരു പ്രചോദനമാണ്.
100 വയസുകാരി തീര്‍ത്ഥ ഡോക്ടറുടെ ഉപദേശം അനുസരിച്ച് മരുന്നുകളും ഭക്ഷണവും കഴിച്ച് കൊറോണയെ തുരത്തി.
ചില ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറവായതിനാല്‍ പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ ഇത് മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ഇതിനു വിപരീതമായി, 110കാരന്‍ രാമാനന്ദയുടെ പ്രധാന ആയുധം തന്റെ മാനസിക ശക്തിയും കൊറോണയെ നേരിടാനുള്ള ധൈര്യവും ആയിരുന്നു. രാമാനന്ദ തീര്‍ത്ഥ ഹൈദരാബാദിന് അടുത്തുള്ള കീസറ പ്രദേശത്തെ ഒരു വൃദ്ധസദനത്തിലാണ് താമസം. രണ്ട് പതിറ്റാണ്ട് കാലം ഹിമാലയത്തില്‍ ചെലവഴിച്ച രാമാനന്ദ തീര്‍ത്ഥക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല, അതുകൊണ്ട് തന്നെ കൊറോണ വൈറസില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാനും കഴിഞ്ഞു.
2021 മാര്‍ച്ചില്‍ പുറത്തു വിട്ട കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കൊറോണ മരണങ്ങളില്‍ 88 ശതമാനവും 45 വയസ്സിനു മുകളിലുള്ളവരാണ്. ഈ സാഹചര്യത്തില്‍ രാമാനന്ദയുടെ അതിജീവനം രാജ്യത്തിന് തന്നെ മാതൃകയാണ്. ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ ചികിത്സയ്ക്കും ശുശ്രൂഷകള്‍ക്കും രാമാനന്ദ നന്ദി അറിയിച്ചു.
അതുപോലെ തന്നെ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ 100 വയസ്സ് പ്രായമുള്ള ശ്രീകാകുളം ജില്ലയിലെ കുമ്മരിഗുണ്ട ഗ്രാമത്തിലെ യല്ല സീതാരവമ്മയും വിജയിച്ചു. 100 വയസ് പ്രായമുള്ള സീതാരവമ്മ മൂന്നാഴ്ചയ്ക്കുള്ളില്‍ കൊറോണയെ അതിജീവിച്ചതും ഒരു റെക്കോര്‍ഡാണ്.
ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് ശേഷം കഴിഞ്ഞ മാസമാണ് സീതാരവമ്മയില്‍ രോഗം കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഭക്ഷണവും മരുന്നുകളും കഴിക്കുകയും വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. 25 ദിവസങ്ങള്‍ക്ക് ശേഷം കൊറോണയെ തുരത്തുകയും വൈറസില്‍ നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.
നൂറ് വയസുള്ള ഒരു സ്ത്രീ തന്റെ ആത്മധൈര്യം കൊണ്ട് കൊറോണ വൈറസിനെ പരാജയപ്പെടുത്തിയെന്ന് സരവകോട്ട പിഎച്ച്‌സി ഉദ്യോഗസ്ഥന്‍ ഡോ. ഭാര്‍ഗവ പ്രസാദ് പറഞ്ഞു.
സീതാരവമ്മയുടെ കൊറോണ അതിജീവിനത്തില്‍ കുടുംബാംഗങ്ങളുടെ പങ്കും ചെറുതല്ല. കോവിഡ് ബാധിച്ച സീതാരവമ്മയെ അവഗണിക്കാതെ കുടുംബാംഗങ്ങള്‍ എല്ലാ പിന്തുണയും നല്‍കുകയും രോഗത്തെ നേരിടാന്‍ എല്ലാവിധ ശുശ്രൂഷകള്‍ നല്‍കി കൂടെ നില്‍ക്കുകയും ചെയ്തു. നാരങ്ങ നീരും, പപ്പായ ജ്യൂസും തുടങ്ങി പ്രതിരോധശേഷിവര്‍ധിപ്പിക്കാനുള്ള പോഷകാഹാരങ്ങള്‍ എല്ലാം തന്ന് തന്നെ പരിചരിച്ചെന്ന് സീതാരവമ്മ പറഞ്ഞു. കൊറോണ എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തില്‍ വിജയിക്കാനും പ്രതിസന്ധിയെ ധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടെയും അതിജീവിക്കാന്‍ കഴിയണമെന്നും സീതാരവമ്മ പറഞ്ഞു.
കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ തുടക്കം മുതലേ പേരെടുത്ത നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഒരു 110കാരിയെ രക്ഷപ്പെടുത്തിയ കഥ. മലപ്പും ജില്ലയിലെ രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പാത്തുവിന് രോഗം സ്ഥിരീകരിച്ചത്.
ആശുപത്രികളില്‍ നേരത്തേ എത്തിക്കുന്ന നല്ലൊരു വിഭാഗം വൃദ്ധരും സുഖം പ്രാപിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, ഏപ്രില്‍ വരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഭൂരിഭാഗം രോഗികളും 15 നും 44 നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ്.