വാഷിങ്ടൺ: അമേരിക്കയിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി.
ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അനുമതി നൽകിയത്. 12-15 വയസ്സിനിടയിലുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഫൈസർ വാക്സിൻ മികച്ച ഫലം നൽകിയതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.
വാക്സിൻ കുത്തിവെപ്പിനുള്ള ഫെഡറൽ വാക്സിൻ ഉപദേശക സമിതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയ ഉടൻ 12-15 വയസിന് ഇടയിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കും. 16 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അമേരിക്ക നേരത്തെ അനുമതി നൽകിയിരുന്നു.
കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ നിർണായക നിമിഷമാണിതെന്ന് ഫൈസർ സീനിയർ വൈസ് പ്രസിഡന്റ് ഡോ. ബിൽ ഗ്രൂബെർ പറഞ്ഞു. കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ സുപ്രധാന ഘട്ടമാണിതെന്നാണ് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്കോക്ക് അഭിപ്രായപ്പെട്ടത്.
ഫൈസർ വാക്സിൻ സുരക്ഷിതമാണെന്നും 12-15 വയസിന് ഇടയിലുള്ള 2000 വൊളണ്ടിയർമാരായ കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച സുരക്ഷ വാക്സിൻ നൽകിയെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മുൻകാലങ്ങളിൽ നടത്തിയ പഠനങ്ങളിൽ ചെറുപ്പക്കാരിലുള്ളതിനേക്കാൾ ഉയർന്ന അളവിൽ വൈറസിനെതിരേയുള്ള ആന്റിബോഡി കുട്ടികളിൽ ഉണ്ടായിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി.
12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കാനഡയിലാണ് ആദ്യം വാക്സിനേഷൻ ആരംഭിച്ചത്. മറ്റുരാജ്യങ്ങളിലും കുട്ടികൾക്ക് വാക്സിൻ നൽകാൻ ഫൈസർ-ബയോൺടെക് കമ്പനി അനുമതി തേടിയിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മറ്റ് കോവിഡ് വാക്സിൻ നിർമാതാക്കളും കുട്ടികളുടെ വാക്സിനേഷനുള്ള അന്തിമഘട്ട പരീക്ഷണങ്ങളിലാണ്.