ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന വിഷയത്തിൽ വിമർശനവുമായി കമൽഹാസൻ. 20000 കോടിയുടെ നമമി ഗംഗയിൽ കൊവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയെന്ന് അദ്ദേഹം പറയുന്നു. സർക്കാർ ജനങ്ങളെയും സംരക്ഷിക്കുന്നില്ല നദികളെയും സംരക്ഷിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
20000 കോടിയുടെ നമമി ഗംഗയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകുന്നു. ജനങ്ങളെയും സംരക്ഷിക്കുന്നില്ല.. നദികളെയും സംരക്ഷിക്കുന്നില്ല. വർദ്ധിച്ച് വരുന്ന ചിത്രങ്ങൾ ദയനീയമായി അലിഞ്ഞുപോകുന്നു.
കമൽഹാസൻ
കഴിഞ്ഞ ദിവസമാണ് ബീഹാറിലെ ബക്‌സറിലെ മൃതശരീരങ്ങൾ ഗംഗയുടെ തീരത്തായി ഒഴുക്കിയത്. ഇതിനകം തൊണ്ണൂറ്റിയാറ് മൃതദേഹങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗംഗയില്‍ നിന്നും കണ്ടെത്തിയത്. ബീഹാറിലെ ബുക്‌സര്‍ ജില്ലയില്‍ നിന്നും 71 മൃതദേഹങ്ങളും ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയില്‍ നിന്നും ഇരുപത്തഞ്ച് മൃതദേഹങ്ങളുമാണ് ഇപ്പോള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും അഴുകിയതും ജീര്‍ണ്ണിച്ച നിലയിലുമാണ് കണ്ടെടുത്തത്. അതുകൊണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
അതേസമയം മൃതദേഹങ്ങള്‍ കൊവിഡ് രോഗികളുടേതാണോ എന്ന കാര്യം ഇനിയും ഇരു സംസ്ഥാനങ്ങളിലേയും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ബുക്‌സറിലെ ചൗസ്യ ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകുന്നത് ഗ്രാമീണരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അവര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഗാസിപ്പൂരില്‍ 25 മൃതദേഹങ്ങളാണ് ഇത്തരത്തില്‍ ഒഴുകിയതായി ശ്രദ്ധയില്‍പ്പെട്ടത്.