ആശുപത്രിയിലെ ചികിത്സയിൽ വീഴ്ചയില്ല എന്ന് വരുത്തിത്തീർക്കുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.2020 ഏപ്രിൽ 24ന് ഗവണ്മെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയായിരുന്ന ലക്ഷ്മി ജി.എസ്. പ്രസവത്തേ തുടർന്ന് മിറ്റേര ഹോസ്‌പിറ്റലിൽ വെച്ച് മരിച്ചിരുന്നു. ചികിത്സിച്ച ഡോക്‌ടറായ ജയ്‌പാൽ ജോൺസൻ്റെ അനാസ്‌ഥമൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയ കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.എന്നാൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് ചികിത്സാ പിഴിവ് സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതിനായി ബ്ലഡ് ട്രാൻസ്‌ഫുഷൻ ഫോമുകൾ വ്യാജമായി ഉണ്ടാക്കിയതാണ് കേസ്സിനാധാരമായി മാറിയത്.
ആശുപത്രിയിലെ നഴ്സസ് റെക്കോർഡിൽ 3 പായ്ക്കറ്റ് രക്തവും 5 പായ്ക്കറ്റ് പ്ലാസ്‌മയും ലക്ഷ്മിക്ക് നൽകി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഹൈക്കോടതിയിൽ 6 പായ്ക്കറ്റ് രക്തവും 9 പായ്ക്കറ്റ് പ്ലാസ്‌മയും നൽകി എന്ന് കളവായി ഫോമുകൾ ഉണ്ടാക്കി ഹാജരാക്കിയിരുന്നു. ഇതിനെത്തുടർന്ന് ലക്ഷ്‌മിയുടെ ഭർത്താവ് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതി പ്രകാരം ഏറ്റുമാനൂർ പോലീസ് ജയ്‌പാലിനും മറ്റ് ഡോക്ടർമാർക്കും എതിരേ കേസ്സെടുത്ത് അന്വേഷണം നടത്തി വ്യാജരേഖകൾ പിടിച്ചെടുത്ത് കുറ്റപത്രം നൽകുകയായിരുന്നു.