കുമരകം: കോഴിക്കോട് കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സ് മോഷ്ടിച്ച് കുമരകം വഴി പോകുകയായിരുന്ന മോഷ്ടാവിനെ കുമരകം പോലീസ് പിടികൂടി.
കോഴിക്കോട് ചക്കിട്ടാപറമ്പ് ബിനൂപി(32)നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ബസ്സ് മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതി രാവിലെ കുമരകത്ത് എത്തുന്നത് വരെ പോലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്നതാണ് കൗതുകം.
കുമരകം കവണാറ്റിൻ കരയിലെ പോലീസിൻ്റെ ചെക്ക് പോസ്റ്റിൽ ബസ്സ് തടഞ്ഞു ബിനൂപിനെ ചോദ്യം ചെയ്യുകയും ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. കുമരകം എസ്ഐ. എസ്. സുരേഷ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബസ് മോഷ്ടിച്ചു കൊണ്ടു വരികയാണെന്ന് പ്രതി സമ്മതിച്ചത്.
മുൻപും ബാറ്ററി മോഷണം ഉൾപ്പടെയുള്ള പല കേസ്സുകളിലും ഇയാൾ പ്രതിയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തുടർ നടപടികൾക്കുമായി കുറ്റ്യാടി പോലീസ് കുമരകത്തെത്തി പ്രതിയെ ഏറ്റുവാങ്ങും. കുറ്റ്യാടി ചക്കിട്ടപാറ ബാലൻ്റെ മകനാണ് പ്രതി ബിനൂപ്.