ഗൗരിയമ്മുടെ സംസ്കാരച്ചടങ്ങിനായി കൊവിഡ് പ്രൊട്ടോക്കോളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി


തിരു: ഗൗരിയമ്മുടെ സംസ്കാരച്ചടങ്ങിനായി കൊവിഡ് പ്രൊട്ടോക്കോളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടന്ന പൊതുദര്‍ശനത്തിനാണ് കൊവിഡ് പ്രൊട്ടോക്കോളിന് ഇളവ് നല്‍കിയത്. സംസ്കാരച്ചടങ്ങിന് മുന്നൂറ് പേര്‍ക്കാണ് അനുമതി നല്‍കിയത്. കുടുംബത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക് പങ്കെടുക്കാന്‍ അവസരമാകണം എന്നുകരുതിയാണ് 20 പേര്‍ക്ക് അനുമതി നല്‍കിയത്. ഗൗരിയമ്മയുടെ കാര്യത്തില്‍ അത് ഇരുപത് പേരില്‍ നില്‍ക്കില്ല. അതാണ് 300 പേര്‍ക്ക് അനുമതി നല്‍കിയത്. ഗൗരിയമ്മയെ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന നിരവധിയാളുകളാണ് ഉള്ളത്. അവര്‍ക്ക് അവസാനമായി അന്തിമോപചാരം നല്‍കാനുള്ള അവസരത്തിനായാണ് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കിയത്. അത് പാലിക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.  എന്നാല്‍ ആളുകള്‍ അവരുടെ വികാരത്തിന് അനുസരിച്ച് തള്ളിക്കയറുന്ന നിലയുണ്ടായിക്കാണും. അവരെ ഒരു ബലപ്രയോഗത്തിലൂടെ നേരിടുന്നത് ഉചിതമല്ല. നാടിന്‍റെ പൊതുസാഹചര്യമനുസരിച്ചായിരുന്നു അനുമതിയെന്നും മുഖ്യമന്ത്രി വിശദമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ രമേശ് ചെന്നിത്തല തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും  അടക്കം ഒട്ടേറെ പ്രമുഖര്‍  ഇന്നലെ അയ്യങ്കാളി ഹാളിലെത്തി ഗൗരിയമ്മയ്ക്ക് അന്തിമോപചാരം സമര്‍പ്പിച്ചിരുന്നു. 
Previous Post Next Post