ലോക്ഡൗണ്‍ കാലത്ത് നല്‍കാത്ത സേവനങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി




ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് നല്‍കാത്ത സേവനങ്ങള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നത് അമിതലാഭമുണ്ടാക്കലാണെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അടച്ചിടല്‍ കാലത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനച്ചെലവ് കുറവാണ്. ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ പ്രവര്‍ത്തനച്ചെലവ് 15 ശതമാനമായി കുറഞ്ഞു. ഫീസില്‍ അത്രയെങ്കിലും കുറവ് വരുത്താന്‍ സ്‌കൂളുകള്‍ തയാറാകണമെന്നും ബെഞ്ച് വ്യക്തമാക്കി.

അമിതലാഭത്തിലും വാണിജ്യവത്കരണത്തിലുമെത്താത്തവണ്ണം ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവകാശമുള്ളൂ. സ്‌കൂള്‍ മാനേജ്‌മെന്റ് പെട്രോള്‍, ഡീസല്‍, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാര്‍ജുകള്‍ എന്നിവ ലാഭിച്ചിട്ടുണ്ടാകുമെന്നും ബെഞ്ച് വിലയിരുത്തി.
അടച്ചിടല്‍കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഫീസിന്റെ 70 ശതമാനവും സര്‍ക്കാര്‍ സ്‌കൂളുകള്‍ 60 ശതമാനവും മാത്രമേ ഈടാക്കാവൂവെന്ന രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹരജിയിലാണ് സുപ്രീംകോടതി വിധി. അതേസമയം, രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഉത്തരവിനെതിരെ ഹരജി നല്‍കിയ ജോധ്പുരിലെ ഇന്ത്യന്‍ സ്‌കൂളിന് 15 ശതമാനം ഇളവുനല്‍കിക്കൊണ്ട് ട്യൂഷന്‍ ഫീസ് ഈടാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
أحدث أقدم