ഉത്തര്‍പ്രദേശില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയും ചികിത്സ ലഭിക്കാതെ നിരവധി പേര്‍ മരണമടയുകയും ചെയ്യുന്നതിനിടെ ഗോ സംരക്ഷണത്തില്‍ നിന്നും പിന്നോട്ടില്ലാതെ യോഗി സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തില്‍ പശുക്കള്‍ക്ക് യാതൊരു വിധ പ്രതിസന്ധിയും ഉണ്ടാവരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് യുപി സര്‍ക്കാര്‍.
എല്ലാ ജില്ലകളിലും പശുക്കളെ സംരക്ഷിക്കാനായി ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കാനും എല്ലാ ഗോശാലകളിലും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഗോശാലകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. പശുക്കള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമായി ഗോശാലകളില്‍ സര്‍ക്കാര്‍ അവശ്യ മെഡിക്കല്‍ സാമഗ്രികളായ ഓക്‌സിമീറ്റര്‍, തെര്‍മല്‍ സ്‌കാനറുകള്‍ എന്നിവ നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയും ഓക്‌സിജന്‍, കിടക്ക, വെന്റിലേറ്റര്‍ ക്ഷാമം മൂലം കൊവിഡ് രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും വ്യാജപ്രചരണം നടത്തുന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നടതക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തെ ഓക്‌സിജന്‍, മരുന്ന്,കിടക്ക ക്ഷാമം സംബന്ധിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഇതിനോടകം പുറത്തു വന്നത്.
കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് രോഗിയായ മകന് റെംഡെസിവര്‍ മരുന്ന് ലഭിക്കാന്‍ വേണ്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലില്‍ പിടിച്ചു അപേക്ഷിക്കുന്ന ഒരമ്മയുടെ ചിത്രം പുറത്തു വന്നത്. മരുന്ന് ലഭിക്കാതെ ആ അമ്മയുടെ മകന്‍ മരിക്കുകയും ചെയ്തു. നൊയ്ഡയിലായിരുന്നു ഈ സംഭവം നടന്നത്. ആഗ്ര, ലക്‌നൗ, അലഹബാദ് തുടങ്ങിയിടങ്ങളിലും കൊവിഡ് രോഗികളുടെ ദുരവവസ്ഥയ്ക്ക് കുറവില്ല.
കൊവിഡ് പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭര്‍ത്താവിന് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തു മൂലം പ്രാണവായു നല്‍കി ജീവന്‍നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഭാര്യയുടെ ചിത്രവും നേരത്തെ പുറത്തു വന്നിരുന്നു. രേണു സിംഗാള്‍ എന്ന ഈ സ്ത്രീയുടെ അവസാനശ്രമം പക്ഷെ ഫലം കണ്ടില്ല. രേണുവിന്റെ മടിയില്‍ കിടന്ന് ഭര്‍ത്താവ് മരണപ്പെട്ടു. രവി സിംഗല്‍ എന്നയാളാണ് ആശുപത്രി ചികിത്സ ലഭിക്കാതെ ആഗ്ര ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ വെച്ച് മരിച്ചത്.