*തിരുവനന്തപുരം:* കിടപ്പുരോഗികളായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരത്തില്‍ വാക്സിന്‍ നല്‍കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. പിപിഇ കിറ്റ് വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി. എന്നാല്‍ ഗ്ലൗസ്, മാസ്‌ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിനൊപ്പം ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷന്‍ സംഘത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്സിന്‍ നല്‍കുന്നയാൾ, സഹായിയായി ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുണ്ടാകണം.
വാക്സിന്‍ നല്‍കുന്നതിന് മുമ്പ് കിടപ്പുരോഗികളുടെ ആരോഗ്യം അതാത് വീട്ടിലെത്തുന്ന മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. വാക്സിന്‍ നല്‍കിയതിന് ശേഷം വാക്സിന്‍ സ്വീകരിച്ചയാളെ 30 മിനിറ്റ് നേരത്തേക്ക് നിരീക്ഷിക്കാന്‍ ഒരാളെ നിര്‍ത്തണം. ആശ പ്രവര്‍ത്തകയോ സന്നദ്ധ പ്രവര്‍ത്തകരോ ആയ ആളെ ഇങ്ങനെ നിയോഗിക്കാം. വാക്സിന്‍ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായാല്‍ വിവിരം മെഡിക്കല്‍ ഓഫീസറിനെ അറിയിച്ച് എത്രയും പെട്ടന്ന് ആംബുലന്‍സ് മുഖേനെ വൈദ്യസഹായം ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലര്‍ക്കുമാരേയും കോവിഡ് വാക്സിനേഷന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. നിലവില്‍ ഏതെങ്കിലും കോടതികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കുമാണ് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കുക. ഇതിനൊപ്പം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും അധികാര പരിധിയില്‍ വരുന്ന സ്ഥലങ്ങളിലെ മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ അതാത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ ശേഖരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പോലീസ് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.