വൈക്കം സത്യഗ്രഹം നവതി സ്മാരകം നിര്‍മ്മിക്കണം , മീനച്ചിലാറിന്റെ സംരക്ഷണം ഉറപ്പാക്കണം: ഹിന്ദുഐക്യവേദി
ജില്ലാസമ്മേളനം ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു 

കോട്ടയം: മീനച്ചിലാറിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി കോട്ടയം ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

അനധികൃത മണലെടുപ്പും കയ്യേറ്റവും തീരം കയ്യേറിയുള്ള നിര്‍മ്മാണവും അശാസ്ത്രീയമായ തടയണകളുടെ നിര്‍മ്മാണവും മാലിന്യനിക്ഷേപവും കാരണം പുഴ ഇന്ന് നാശത്തിന്റെ വക്കിലാണ്. മാറി മാറി അധികാരത്തില്‍ എത്തിയവര്‍ നദിയുടെ സംരക്ഷണത്തിന് വേണ്ടത്ര ശ്രദ്ധചെലുത്താത്തതാണ് നദിയുടെ ഈ അവസ്ഥയ്ക്ക് കാരണം. 

കുടമുരുട്ടി മലയില്‍ നിന്ന് ഉത്ഭവിച്ച് വേമ്പനാട്ട് കായലില്‍ ചേരുന്ന പുഴയുടെ നീളം 78 കിലോമീറ്ററാണ്. ചെറുതും വലുതുമായ 38 പോഷകനദികളാണ് മീനച്ചിലാറിനുള്ളത്. 1208 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ സമ്പുഷ്ടമാക്കുന്ന മീനച്ചിലാര്‍ സംരക്ഷിക്കപ്പെടേണ്ടത് കോട്ടയത്തിന്റെ ആവശ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വൈക്കം സത്യഗ്രഹ സ്മാരകം സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

സാമൂഹ്യ സമരസത നിലനിര്‍ത്തുന്ന നവോത്ഥാന നായകരുടെ സ്മരണകളുറങ്ങുന്ന സ്മാരകം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനാവശ്യമായ നടപടി സ്വീകരിക്കണം. വൈക്കം സത്യഗ്രഹത്തിന്റെ നവതിയോടനുബന്ധിച്ച് പുതിയ സ്മാരകം നിര്‍മ്മിക്കണമെന്നും സത്യഗ്രഹത്തെക്കുറിച്ചും സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയവരെകുറിച്ചും മനസ്സിലാക്കുന്ന രീതിയിലായിരിക്കണം സ്മാരകം വേണ്ടതെന്നും  സമ്മേളനം അഭിപ്രായപ്പെട്ടു. 

ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച ഉരുപ്പടികള്‍ തൂക്കിവില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡുകള്‍ പിന്മാറണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു.  ‍ഓണ്ലൈനായി ചേര്‍ന്ന സമ്മേളനം ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. ഗോപിദാസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, സെക്രട്ടറി അനിതാ ജനാര്‍ദ്ദനന്‍, പി. എസ്. പ്രസാദ്, കെ.ഡി. സന്തോഷ്, സി.എസ്. നാരായണന്‍കുട്ടി, പി.എസ്. സജു, വിക്രമന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

 ഹിന്ദുഐക്യവേദി ജില്ലാ ഭാരവാഹികൾ

ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റായി കെ.പി. ഗോപിദാസിനെയും ജനറല്‍ സെക്രട്ടറിമാരായി സി.എസ്. നാരായണന്‍കുട്ടിയെയും കെ.യു. ശാന്തകുമാറിനെയും തെരഞ്ഞെടുത്തു. വിക്രമന്‍ നായരാണ് ട്രഷറര്‍. മറ്റുഭാരവാഹികള്‍: വി. മുരളീധരന്‍ (രക്ഷാധികാരി), എം. സത്യശീലന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), കൃഷ്ണന്‍കുട്ടി പണിക്കര്‍, കെ.എന്‍. ചന്ദ്രന്‍, പി.ആര്‍. രവീന്ദ്രന്‍, അജിതാ സാബു, കുമ്മനം രവി(വൈസ് പ്രസിഡന്റുമാര്‍), കെ.ഡി. സന്തോഷ്‌കുമാര്‍, അഡ്വ. ശ്രീനിവാസ പൈ, ടി. രതീഷ്‌കുമാര്‍, അനില്‍ മാനംപള്ളി, വിജയകുമാര്‍ പേരൂര്‍, പി.വി. പ്രസന്നന്‍(സെക്രട്ടറിമാര്‍), പി.എസ്. സജു(സംഘടനാ സെക്രട്ടറി), പി.കെ. ശശിധരന്‍, വി.എന്‍. സോമന്‍(അംഗങ്ങള്‍).  Previous Post Next Post