ഞെട്ടിക്കുന്ന കണക്ക് പുറത്ത് :കോവിഡിൽ ജോലി നഷ്ടപ്പെട്ട കേരളത്തിലെ പ്രവാസികൾ 10.45 ലക്ഷംറ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ്
കോട്ടയം: കഴിഞ്ഞ 13 മാസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത് 15 ലക്ഷം പ്രവാസികൾ. ഇതിൽ 10.45 ലക്ഷം പേർ തൊഴിൽ നഷ്ടമായാണ് തിരിച്ചെത്തിയത് എന്ന് സംസ്ഥാന സർക്കാർ രേഖകളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നാട്ടിലെത്തിയവരിൽ എത്ര പേർ തിരിച്ചുപോയി എന്നതിൽ വ്യക്തതയില്ല.
നോർക്ക(ഡിപാർട്‌മെന്റ് ഓഫ് നോൺ റസിഡൻഡ് കേരളൈറ്റ് അഫയേഴ്‌സ്)യുടെ കണക്കുപ്രകാരം 14,63,176 പേരാണ് ഇക്കാലയളവിൽ കേരളത്തിൽ മടങ്ങിയെത്തിയത്. ഇതിൽ എഴുപത് ശതമാനം പേരുടെയും (10,45,288) മടക്കയാത്രയ്ക്ക് കാരണം തൊഴിൽ നഷ്ടമാണ്. 2.90 ലക്ഷം പേർ വിസാ കാലവധി തീർന്നതു കൊണ്ടാണ് നാട്ടിലെത്തിയത്. കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവരാണ് മറ്റുള്ളവർ.കേരളത്തിൽനിന്നുള്ള 20 ലക്ഷത്തിലധികം പേരാണ് വിദേശത്തു ജോലി ചെയ്യുന്നത്
. പ്രധാനമായും പശ്ചിമ ഏഷ്യൻ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ വരുമാനമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്.2020 മെയ് ആദ്യ വാരം മുതൽ ഡിസംബർ 31 വരെ 8.40 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയത്. അടുത്ത ആറു മാസത്തിൽ തിരിച്ചെത്തിവരുടെ എണ്ണം ഇരട്ടിയായി. ജൂൺ 18 വരെ 14.63 ലക്ഷം പേരാണ് മടങ്ങിയെത്തിയത്. തിരിച്ചെത്തിയവരിൽ 96 ശതമാനവും യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. യുഎഇയിൽനിന്നു മാത്രം 8.67 ലക്ഷം പേർ തിരികെയെത്തി. മറ്റു രാഷ്ട്രങ്ങളിൽ നിന്ന് 55,960 പേർ മാത്രമാണ് തിരിച്ചെത്തിയത്.10.45 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെങ്കിലും, വിദേശത്തെ തൊഴിൽ നഷ്ടമായവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അയ്യായിരം രൂപയുടെ ധനസഹായത്തിന് 1.70 ലക്ഷം പേർ മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 1.30 ലക്ഷം പേർക്ക് സഹായം നൽകിയിട്ടുണ്ടെന്നും നോർക്ക വൃത്തങ്ങൾ പറയുന്നു.
തിരിച്ചെത്തുന്നവർക്കായി സംസ്ഥാന സർക്കാർ കുറഞ്ഞ പലിശ നിരക്കിൽ ആയിരം കോടി രൂപയുടെ വായ്പാ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ പലിശയ്ക്കാകും വായ്പ ലഭ്യമാക്കുക. പലിശ ഇളവു നൽകുന്നതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Previous Post Next Post