15 വയസ്സിനു മുകളിലുള്ള പെണ്‍ കുട്ടികളുടെയും 45ന് താഴെയുള്ള വിധവകളുടെയും' പട്ടിക വേണം, ; മത നേതാക്കള്‍ക്ക് താലിബാന്റെ കത്ത്‌




 


താലിബാനെതിരെ തെരുവിലിറങ്ങിയ അഫ്​ഗാൻ സ്ത്രീകൾ

 
കാബൂൾ: 15 വയസിന് മുകളിലുളള പെൺകുട്ടികളുടെയും 45 വയസിന് താഴെയുളള വിധവകളുടെയും പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ട് താലിബാൻ. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മത നേതാക്കളോട് അതതു പ്രദേശത്തെ പെൺകുട്ടികളുടേയും വിധവകളുടേയും പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ട് താലിബാൻ കത്തെഴുതി.  

താലിബാൻ പ്രവർത്തകർക്ക് വിവാഹം കഴിക്കാനായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാൻ കൾച്ചറൽ കമ്മീഷന്റെ പേരിലാണ് കത്തെന്ന് സൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. 

ഇറാൻ, പാകിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാൻ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളും സുപ്രധാന ജില്ലകളും പിടിച്ചെടുത്ത ശേഷമാണ് താലിബാൻ പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. മത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്റെ വടക്കു കിഴക്കൻ പ്രദേശമായ ഥാക്കറിലെ സ്ത്രീകൾ വീടിന് പുറത്തിറങ്ങരുതെന്നും പുരുഷൻമാർ താടി വളർത്തണമെന്നും ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം.

തങ്ങളുടെ പെൺമക്കളെ നിർബന്ധിത വിവാഹത്തിന് ഇരകളാക്കി അടിമകളാക്കാനാണ് താലിബാന്റെ ശ്രമമെന്ന് അഫ്ഗാനിസ്ഥാനിലെ മുതിർന്ന വ്യക്തികൾ പറയുന്നു. ഉച്ചത്തിൽ സംസാരിക്കാനോ തനിച്ച് പുറത്തിറങ്ങാനോ  കഴിയാതെ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് താലിബാൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകൾ. 

Previous Post Next Post