കോഴിക്കോട്/ പുത്തൂര്‍ നാഗാളിക്കാവ് സ്വദേശി ജലീൽ നാട്ടുകാർക്കൊരു തലവേദനയായിട്ട് ഏറെ നാളുകളായി. എപ്പോൾ നോക്കിയാലും ആള് സ്‌കൂട്ടറില്‍ കറക്കം തന്നെയാണ്. സ്വദേശം തന്നെയാണെങ്കിലും സ്ത്രീകളോട് പതിവായി വഴി ചോദിക്കുക എന്നത് ജലീലിന്റെ ഒഴിവാക്കാനാവാത്ത ഒരു ശീലമാണ്. സ്ത്രീകളോട് മാത്രമേ ജലീൽ വഴി ചോദിക്കൂ എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. വഴി ചോദിക്കാനായി നടന്നു പോവുകയും മറ്റും ചെയ്യുന്ന സ്ത്രീകളുടെ അടുത്ത് ജലീൽ വണ്ടി നിർത്തിയാൽ പിന്നെ പറയേണ്ട. നഗ്നത പ്രദർശനമാണ് പിന്നെ. സ്ത്രീകളും പെൺകുട്ടികളും ജലീലിന്റെ പ്രവർത്തിയിൽ സഹികെട്ടു.
സ്‌കൂട്ടറില്‍ കറങ്ങി നഗ്നതാപ്രദര്‍ശനം നടത്തുന്ന ജലീലിനെ നാട്ടുകാര്‍ ഒടുവിൽ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുത്തൂര്‍ നാഗാളിക്കാവ് സ്വദേശി ജലീലിനെയാണ് നാട്ടുകാര്‍ പിടികൂടി മുക്കം പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ അതിക്രമത്തിനിരയായ നിരവധി സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്
സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിര്‍ത്തി ശരീരത്തില്‍ കയറിപ്പിടിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് ആക്ഷേപം. വാഹനം തിരിച്ചറിയാതിരിക്കാന്‍ സ്‌കൂട്ടറിന് പിന്നിലെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയാണ് ജലീലിന്റെ സഞ്ചാരം.
ആരോ പോലീസിൽ പരാതി നല്‍കിയതറിഞ്ഞ് മുങ്ങി നടന്ന ജലീലിനെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനിടയിലാണ് നായര്‍കുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ ഇയാളെ കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.