മലയാളികൾ കാർഗ്ഗോ വഴി നാട്ടിലേക്ക്‌ അയക്കുന്ന ചെറിയ പാഴ്സലുകൾ വഴിയും സ്വർണ്ണ കള്ളക്കടത്ത്‌ നടന്നിരുന്നതായി വെളിപ്പെടുത്തൽ


റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 
കുവൈത്ത്‌ സിറ്റി / കണ്ണൂർ : കുവൈത്ത്‌ മലയാളികൾ കാർഗ്ഗോ വഴി നാട്ടിലേക്ക്‌ അയക്കുന്ന ചെറിയ പാഴ്സലുകൾ വഴിയും സ്വർണ്ണ കള്ളക്കടത്ത്‌ നടന്നിരുന്നതായി വെളിപ്പെടുത്തൽ. നാട്ടിൽ ഇതിനകം വൻ വിവാദമായിരിക്കുന്ന  കരിപ്പൂർ സ്വർണ്ണ കള്ളക്കടത്ത്‌ ഇടപാടുകൾക്കും ‘പൊട്ടിക്കലിനും’ സാക്ഷിയായ ചൊക്ലി സ്വദേശി മുഹമ്മദ് ഫൈസലിന്റെതാണു വെളിപ്പെടുത്തൽ.
‘കുറിയർ പാഴ്സലുകളിൽ സ്വർണം ഒളിപ്പിച്ച്, 2019 ൽ കോഴിക്കോട് കാർഗോ കോംപ്ലക്സ് വഴിയായിരുന്നു സ്വർണക്കടത്ത് നടത്തിയതെന്നും  ചൊക്ലി സ്വദേശി സുബൈറാണു സംഘത്തിന്റെ നേതാവ് എന്നും മുഹമ്മദ്‌ ഫൈസൽ പറയുന്നു. ചൊക്ലി സ്വദേശി മുസ്തഫ, മലപ്പുറം സ്വദേശി ഹനീഫ എന്നിവരാണു സുബൈറിന്റെ പ്രധാന സഹായികൾ.കുവൈത്തിലെ മലയാളികൾ, നാട്ടിലേക്ക് അയക്കുന്ന ചെറിയ പാഴ്സലുകൾ മുസ്തഫയുടെ നേതൃത്വത്തിൽ ശേഖരിക്കുകയും യഥാർഥ ഉടമകൾ അറിയാതെ അവയിൽ സ്വർണക്കട്ടികൾ ഒളിപ്പിച്ചുമാണു സ്വർണ്ണക്കടത്ത്‌ നടത്തിയിരുന്നത്‌.ഈത്തപ്പഴം, ക്രീമുകൾ, സ്പ്രേ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ പാഴ്സലുകളിലാണു സ്വർണം ഒളിപ്പിക്കക. ചെറിയ പാഴ്സലുകളെല്ലാം ചേർത്ത്, 50–60 കിലോയുടെ വലിയ, ഒറ്റ പെട്ടിയിലാക്കും. ഇത്, സുബൈറിന്റെ അടുത്ത ബന്ധുക്കളുടെ പേരിലാണു കുവൈത്തിൽനിന്ന് പാഴ്സൽ ഏജൻസി വഴി അയയ്ക്കുക. ഈ പാഴ്സലുകൾ ഹനീഫയാണ് ഏറ്റുവാങ്ങി, സുബൈറിന്റെ ചൊക്ലിയിലെ വീട്ടിലെത്തിക്കുക. പാഴ്സലിനു പിറകെ സുബൈറും നാട്ടിലെത്തും. സുബൈറിന്റെ വീട്ടിൽ വച്ച്, പാഴ്സലുകൾ പൊളിച്ച് സ്വർണം പുറത്തെടുക്കും. ഇതിനു ശേഷം, പാഴ്സലുകൾ വീണ്ടും പൊതിഞ്ഞ് യഥാർഥ ഉടമകളുടെ വീടുകളിലെത്തിക്കും. മഞ്ചേരി സ്വദേശിയായ സൈനുദ്ദീനാണു സ്വർണം കൈമാറിയിരുന്നത്. സ്വർണം സുബൈറിന്റെ വീട്ടിലെത്തിയാലുടൻ, റിവേഴ്സ് ഹവാല വഴി പണം കുവൈത്തിലെത്തിക്കും
 ഇതായിരുന്നു സംഘത്തിനെ രീതി എന്നും മുഹമ്മദ്‌ ഫൈസൽ വെളിപ്പെടുത്തി.
സ്വർണം എടുത്ത ശേഷം റീ പാക്ക് ചെയ്യുന്ന പാഴ്സലുകൾ യഥാർഥ ഉടമകളുടെ വീടുകളിലെത്തിക്കലായിരുന്നു തന്റെ ജോലി എന്നും ഇയാൾ പറയുന്നു.എന്നാൽ ആദ്യമൊന്നും ഇവരുടെ ഇടപാടുകളിൽ സംശയം തോന്നിയിരുന്നില്ല. കുവൈത്തിൽ സുബൈറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തന്റെ മകനെ, കള്ളക്കടത്തിൽ  പെടുത്താനുള്ള ശ്രമം നടന്നതോടെയാണു സംഘത്തിന്റെ യഥാർഥ ഇടപാടുകളിൽ സംശയം ജനിച്ചതും ഇത്‌ സംബന്ധിച്ച്‌ അന്വേഷിച്ചതും എന്നും മുഹമ്മദ്‌ ഫൈസൽ പറയുന്നു.

ഒരു കുവൈത്ത് പൗരനും ഇവരുടെ കള്ളക്കടത്തിൽ നിക്ഷേപം നടത്തിയിരുന്നതായും  ഒരു വലിയ കടത്തു നടത്തി, ഒറ്റയടിക്കു മുങ്ങാൻ സുബൈറും മുസ്തഫയും ഹനീഫയും പദ്ധതിയിട്ടിരുന്നതായും ഇയാൾ പറയുന്നു.പാഴ്സലിൽനിന്ന് തന്റെ മകൻ സ്വർണ്ണം മോഷ്ടിച്ചുവെന്നു കുവൈത്ത് സ്വദേശിയെ തെറ്റിദ്ധരിപ്പിച്ച്, മുഴുവൻ സ്വർണവും തട്ടുവാനായിരുന്നു ഇവരുടെ പദ്ധതി. അതേസമയം  കസ്റ്റംസ് പിടിച്ചെടുത്തുവെന്നു വരുത്തി 6 കിലോ സ്വർണവും  സുബൈറിനു പങ്കു നൽകാതെ മുഴുവനായി അടിച്ചു മാറ്റാൻ മുസ്തഫയും ഹനീഫയും ചേർന്നു മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്തിരുന്നു. ഇക്കാര്യം സുബൈർ അറിഞ്ഞിരുന്നില്ല.
സുബൈറിന്റെ സുഹൃത്തായ സിയാദിന്റെ ഭാര്യയുടെ പേരിൽ അയച്ച 6 കിലോഗ്രാം സ്വർണം അടങ്ങിയ, 54 കിലോഗ്രാം വരുന്ന പാഴ്സലിൽ നിന്ന് സ്വർണ്ണം അടിച്ചു മാറ്റി സുബൈറിനെ ചതിക്കുവാനും ഈ കുറ്റം തന്റെ മകന്റെ തലയിൽ കെട്ടിവെക്കാനുമായിരുന്നു ഇവർ പദ്ധതി തയ്യാറാക്കിയത് . പാഴ്സൽ പതിവുപോലെ ഹനീഫ ഏറ്റുവാങ്ങി. പക്ഷേ, സുബൈറിന്റെ വീട്ടിലെത്തിയതു സ്വർണമില്ലാത്ത പാഴ്സലായിരുന്നു.  സ്വർണക്കടത്തു 'പൊട്ടു' ന്നത് ഇവിടെ വച്ചാണ്. ആ സമയത്ത് തന്റെ മകൻ നാട്ടിലായിരുന്നു. നാട്ടിൽ അവൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറിലേക്ക് ഒരു വിളി വന്നു. കസ്റ്റംസ് ഓഫിസിൽ നിന്നാണ്, ഒരു സാധനം വന്നിട്ടുണ്ട്, ചില സംശയങ്ങളുണ്ട്, പരിശോധിക്കണം എന്നായിരുന്നു ഫോൺ ചെയ്തയാൾ അറിയിച്ചത്. സാധനമൊന്നും വരാനില്ലെന്നു മകൻ മറുപടി നൽകിയതോടെ തനിക്ക് സംശയം തോന്നുകയും വിളി വന്ന നമ്പർ ട്രൂ കോളർ വഴി പരിശോധിക്കുകയും ചെയ്തു. ഹനീഫ എന്നാണ് വിളിച്ച നമ്പറിൽ പേര് കാണിച്ചത്. തിരിച്ചു വിളിച്ചു ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയൊന്നുമില്ല. 
ഇതിനിടെ, സിയാദിന്റെ ഭാര്യയെയും കസ്റ്റംസ് ഓഫിസിൽനിന്നാണെന്നു പറഞ്ഞു വിളിച്ച്, ഇതേ കാര്യങ്ങൾ പറഞ്ഞു. അവർ ഭർത്താവിനെ വിളിച്ചു. സിയാദിന്റെ ഭാര്യയെ വിളിച്ച ഫോൺ നമ്പറിൽ തിരിച്ചു വിളിച്ചപ്പോഴും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല. ഇതിനിടെ, പാഴ്സൽ സംബന്ധിച്ച ഒരു രശീതിയിൽ തന്റെ മകന്റെ ഒപ്പ് സംഘത്തിൽ ഒരാളായ മുസ്തഫ വന്ന് ഇടീച്ചിരുന്നു. സുബൈർ വിളിച്ചു പറഞ്ഞതനുസരിച്ചായിരുന്നു ഇത്.  ഇതോടെയാണ്, മകനെ ബലിയാടാക്കി കള്ളക്കടത്തു സ്വർണം കവരുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന വിവരം ലഭിച്ചത്. മകൻ പാഴ്സൽ ഏറ്റുവാങ്ങിയെന്ന രേഖ, കുവൈത്ത് സ്വദേശിയെ കാണിക്കുകയും തന്റെ മകൻ സ്വർണം മുഴുവൻ കവർന്നുവെന്നു വരുത്തുകയുമായിരുന്നു അവരുടെ പദ്ധതി.
കുവൈത്ത് പൗരനെ വഞ്ചിച്ച് 6 കിലോഗ്രാമിന്റെ മുഴുവൻ പണവും അടിച്ചുമാറ്റാൻ ശ്രമിച്ച സുബൈറിനെ പറ്റിക്കാൻ ഹനീഫയും മുസ്തഫയും ചേർന്നു നടത്തിയ നാടകമായിരുന്നു കസ്റ്റംസിന്റെ േപരിലുള്ള വിളികളെല്ലാമെന്നും പിന്നീടു വ്യക്തമായി. ഇതു സുബൈറും തിരിച്ചറിഞ്ഞു. സ്വർണം അടിച്ചുമാറ്റിയത് തന്റെ മകനും ഞാനും ചേർന്നാണെന്നു വരുത്താനാണു രശീതിയിൽ അവന്റെ ഒപ്പ് സുബൈറും മുസ്തഫയും ചേർന്ന് ഇടീച്ചത്. സ്വർണക്കടത്തിൽ നിക്ഷേപമിറക്കിയ, കുവൈത്ത് പൗരനെ ഈ രേഖ കാണിച്ചു ബോധ്യപ്പെടുത്തുകയും മകനെ അവിടെ കേസിൽ പെടുത്തുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. സ്വർണം നഷ്ടപ്പെട്ട്  3 ദിവസത്തിനകം തന്നെ തന്റെ മകന്റെ ഒപ്പ് രേഖപ്പെടുത്തുകയും അവനോടു കുവൈത്തിലേക്കു തിരിച്ചു പോകാൻ സുബൈർ നിർബന്ധിക്കുകയും ചെയ്തിരുന്നു. പക്ഷേ, സുബൈറിനു മുസ്തഫയും ഹനീഫയും ചേർന്നു മറ്റൊരു പണി കൊടുക്കുകയായിരുന്നു.
മധ്യസ്ഥ ചർച്ചകളിലേക്ക്
കോഴിക്കോട് കടപ്പുറത്താണ് ആദ്യ കൂടിക്കാഴ്ച നടന്നത്. സുബൈറും സൈനുദ്ദീനും മാത്രമല്ല, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനും അവിടെയുണ്ടായിരുന്നു.താൻ കാര്യങ്ങളെല്ലാം വിശദീകരിച്ചതോടെ, ഹനീഫയും മുസ്തഫയും ചേർന്നാണു തന്നെ വഞ്ചിച്ചതെന്ന് സുബൈറിനു വ്യക്തമായി. സ്വർണം എടുത്തിട്ടില്ലെന്നായിരുന്നു ഹനീഫയും മുസ്തഫയും ആദ്യമൊക്കെ വാദിച്ചത്. ഇതോടെ, സ്വർണം തിരിച്ചുപിടിക്കാൻ സുബൈർ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി. ഇതിനിടെ ഹനീഫ ഗൾഫിലേക്കു മുങ്ങിയതായും മുഹമ്മദ്‌ ഫൈസൽ അറിയിച്ചു. കേസ്‌ തെളിയിക്കാൻ ആവശ്യമായ എല്ലാ തെളിവുകളും അന്വെഷണ ഉദ്യോഗസ്ഥർക്ക്‌ കൈമാറുമെന്നും ഇയാൾ അറിയിച്ചു.
Previous Post Next Post