ഞായറടക്കം മൂന്നുദിവസം ലോക്ഡൗൺ ഇളവ്; പെരുന്നാള്‍ വിപണി ഉണരും



പെരുന്നാൾ വിപണിക്കായി മൂന്നുദിവസം ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ച് സർക്കാർ. വ്യാപാരികളുമായി ചർച്ചയ്ക്ക് പിന്നാലെയാണ് ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കികൊണ്ടുള്ള അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയത്. ട്രിപ്പിൾ ലോക്ഡൗൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ഇളവുകൾ ലഭിക്കും.  

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പെരുന്നാൾ കണക്കിലെടുത്ത് ലോക്ഡൗൺ ഇളവ് നൽകിയിരിക്കുന്നത്. ട്രിപ്പിൾ ലോക്ഡൗൺ ഇല്ലാത്ത എ, ബി.സി വിഭാഗത്തിൽപ്പെടുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇളവുകൾ നിലവിൽവരും. അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും വിൽക്കുന്ന കടകൾക്കൊപ്പം മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും തുറന്നുപ്രവർത്തിക്കാം. തുണി കടകൾ, ചെരുപ്പ് കടകൾ, സ്വർണ കടകൾ, ഫാൻസി സ്റ്റോറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കാണ് തുറക്കാൻ അനുവാദം നൽകിയിട്ടുള്ളത്.

എല്ലാ കടകളുടെയും പ്രവർത്തനസമയം രാത്രി എട്ടുമണിവരെയാണ്. വ്യാപാരി സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോട് വിരട്ടൽ വേണ്ടെന്ന് പറഞ്ഞ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീൻ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പൂർണ സംതൃപ്തിയാണ് പങ്കുവച്ചത്. ഓണംവിപണിയുടെ കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും അദ്ദേഹം പറഞ്ഞു. 
ടിപിആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനത്തിലാകെ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാർഡുകളിലേക്ക്  മാത്രം നിയന്ത്രണങ്ങൾ ചുരുക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ പറഞ്ഞു.  
أحدث أقدم