കുട്ടി ഒറ്റപ്പാലത്തെ സിപിഐഎം പ്രവര്‍ത്തകന്റെ മകന്‍’; മുകേഷിന് മാന്യതയല്ലേ വേണ്ടതെന്ന് വികെ ശ്രീകണ്ഠന്‍ എംപി


ഫോണില്‍ വിളിച്ച കുട്ടിയോട് കൊല്ലം എംഎല്‍എ മുകേഷ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് വികെ ശ്രീകണ്ഠന്‍ എംപി. വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ച ശേഷമായിരുന്നു എംപിയുടെ പ്രതികരണം. ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്ത സുഹൃത്തുക്കള്‍ക്ക് ഫോണ്‍ കിട്ടുമോ എന്ന് അറിയാന്‍ വേണ്ടിയാണ് എംഎല്‍എയെ വിളിച്ചതെന്നും മുകേഷിന്റെ വാദമെല്ലാം ഒറ്റനിമിഷത്തില്‍ പൊളിയുമെന്നും ശ്രീകണ്ഠന്‍ എംപി പറഞ്ഞു. ഒരു വ്യക്തിയോട് നല്ല രീതിയില്‍ സംസാരിക്കാന്‍ ജനപ്രതിനിധി ആവേണ്ടതില്ല മാന്യതയാണ് വേണ്ടതെന്നും എംപി കൂട്ടിചേര്‍ത്തു.

‘സ്‌ക്കൂളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അധ്യാപിക ഫോണ്‍ ഇല്ലാത്ത കൂട്ടുകാര്‍ക്ക് അത് ലഭ്യമാക്കാനുള്ള സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോയിസ് സന്ദേശം ഉണ്ടായിരുന്നു. അത്തരത്തില്‍ ഇക്കാര്യം എംഎല്‍എയെ അറിയിക്കാന്‍ വേണ്ടിയാണ് മുകേഷിനെ വിളിച്ചത്. മുകേഷിന്റെ വാദമൊക്കെ ഇപ്പോള്‍ പൊളിയും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയ നാരായണന്‍ എന്ന പാര്‍ട്ടി അനുഭാവിയുടെ മകനാണ് ഈ കുട്ടി. ഒരു സിപിഐഎം അനുഭാവിയുടെ മകനാണ്. അപ്പോള്‍ ഈ കുട്ടി ഒരു രാഷ്ട്രീയപകപോക്കലിന് ഇങ്ങനെ ചെയ്യുമെന്ന് യുക്തിക്ക് നിരക്കുന്ന ആരും ചെയ്യില്ല. അങ്ങനെയല്ല നടന്നത്.’ റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു വികെ ശ്രീകണ്ഠന്റെ പ്രതികരണം.

ഫോണ്‍ ഇല്ലാതെ കഷ്ടപ്പെടുന്ന മറ്റ് കുട്ടികളുടെ കഷ്ടപ്പാട് ഈ കുട്ടി കാണുന്നുണ്ടെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിന്റെ യുക്തി മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അങ്ങനെയാവുമ്പോള്‍ മുകേഷ് ഒരു സിനിമാ താരം കൂടിയാണ്. നമ്പര്‍ കിട്ടി വിളിച്ചു. കുട്ടി വലിയ ആപത്തിലാണ് പെട്ടത്, കാരണം എന്താണെന്ന് അന്വേഷിക്കാതെ എന്തിനാണ് കൊല്ലത്ത് നിന്നുള്ള എന്നെ വിളിക്കുന്നത് എന്ന് ചോദിക്കുകയാണ് ഉണ്ടായത്. ജനപ്രതിനിധി എന്നത് എവിടെ നിക്കട്ടെ മനുഷ്യത്വം ഉള്ള ആരെങ്കിലും ഇത് ചെയ്യുമോ. എന്താണ് മോനെ അത്യാവശ്യം എന്ന് ചോദിക്കാതെ രാഷ്ട്രീയം കാണുന്നതിന്റെ കാര്യം എനിക്ക് മനസിലായില്ല. ഇതില്‍ രാഷ്ട്രീയം ഇല്ല. മാന്യതയല്ലേ വേണ്ടത്.’ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
Previous Post Next Post