ഇടുക്കി: കാണാതായ വയോധികനെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചറ സ്രാമ്പിക്കൽ കുര്യൻ ചെറിയാൻ (കുര്യാച്ചൻ-62) ആണ് മരിച്ചത്. ഇയാളും ഭാര്യ ശോശാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
16ന് വൈകിട്ട് ആറോടെയാണ് കുര്യൻ ചെറിയാനെ കാണാതായത്. ഭാര്യ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. രാത്രി 10 ഓടെയാണ് സമീപത്തെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
ഇയാൾ പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിലാണ് മരണം നടന്നത്. ശനിയാഴ്ച്ച രാവിലെ വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പടുതാക്കുളം വേലികെട്ടിയ നിലയിലാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
