ആരോഗ്യമന്ത്രി ന്യായീകരിച്ച് വശം കെടുന്നു; കൊവിഡ് മരണത്തില്‍ കൃത്രിമം നടന്നതായ ആരോപണം ശക്തമായി.


തിരുവനന്തപുരം/ കേരളത്തിലെ കൊവിഡ് മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗം ന്യായീകരിച്ച് വശം കെടുന്ന ആരോഗ്യമന്ത്രിക്ക് കുരുക്കായി ദി ഹിന്ദു പത്ര റിപ്പോർട്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിന് ബലം പകരുന്നതും ആരോഗ്യമന്ത്രിയുടെ ന്യായീകരണത്തിന്റെ മുനയൊടിക്കുന്നതുമായ കണക്കാണ് ദി ഹിന്ദു പത്രം പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് 2020 ഏപ്രില്‍ മുതല്‍ 2021 മെയ് മാസം വരെ 13868 അധിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് ദി ഹിന്ദു പറയുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കൊവിഡ് മരണങ്ങളുടെ 1.6 മടങ്ങ് വരുമെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാലയളവില്‍ കൊവിഡ് മൂലം 8816 മരണങ്ങള്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. കൊവിഡ് വ്യാപന കാലത്ത് സംഭവിച്ച മരണങ്ങളും മുന്‍ വര്‍ഷങ്ങളിലെ ശരാശരി മരണ നിരക്കും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് അധിക മരണം കണ്ടെത്തിയിരിക്കുന്നത്.
ഇക്കാലയളവില്‍ രേഖപ്പെടുത്തിയ എല്ലാ അധിക മരണങ്ങളും കൊവിഡ് മൂലമാണെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും രണ്ടാം തരംഗം ഈ കണക്കുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടാകുമെന്നാണ് ലേഖനം വിലയിരുത്തുന്നത്. കേരളത്തിലെ കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മനപ്പൂര്‍വമായ ശ്രമം ഉണ്ടായെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. ഇത് ശരിവെക്കുന്ന തരത്തിലാണ് സംസ്ഥാന അധികമരണം റിപ്പോര്‍ട്ട് ചെയ്‌തെന്ന കണ്ടെത്തല്‍ പുറത്തുവന്നത്.
തങ്ങള്‍ ഉന്നയിച്ച ആരോപണത്തിന് പരിഹാരം കാണാന്‍ തയ്യാറാകാതെ സര്‍ക്കാര്‍ പിടിവാശി കാണിക്കുമ്പോള്‍ ആരോപണം ശരിയാണെന്ന് കൂടുതല്‍ ബലപ്പെടുകയാണെന്ന് വി ഡി സതീശന്‍ പറയുന്നു. തിരുവനന്തപുരത്തെ വിദഗ്ധസമിതി കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ അട്ടിമറിക്കുകയാണ്. സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മാത്രം പരിശോധിച്ചാല്‍ മൂന്നിലൊന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും കൊവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവന്നാല്‍ അത് 25000ന് മുകളില്‍ പോകുമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തന്നെ ന്യായീകരിക്കാന്‍ പ്രയാസപ്പെടുമ്പോഴാണ് ദി ഹിന്ദു പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

Previous Post Next Post