ഗുവഹത്തി: താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച 14 പേർ അറസ്റ്റിൽ. അസമിലെ കംരുപ്, ധുബ്രി, ബാർപ്പെട്ട ജില്ലകളിൽ നിന്നുള്ള രണ്ടു പേർ വീതവും ധരങ്, കഛാർ, ഹെയ്ലകണ്ടി, സൌത്ത് സൽമാര, ഹോജോയ്, ഗോൽപാര എന്നീ ജില്ലകളിൽ നിന്നും ഒരോരുത്തരുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഇത്തരം ആളുകളെ ശക്തമായി നിരീക്ഷിക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനമെന്ന് അസം സ്പെഷ്യൽ ഡിജിപി ജിപി സിംഗ് വ്യക്തമാക്കി. അറസ്റ്റിലായവർ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും താലിബാൻ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിന് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. അതേസമയം അറസ്റ്റിലായ 14 പേരിൽ ഒരാൾ വിദ്യാർത്ഥിയാണ്. ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് വിവരം. പൊലീസ് നേരത്തെയും ഇത്തരത്തിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരുന്നു. താലിബാൻ അനുകൂല നിലപാട് സ്വീകരിക്കുന്നവരെ നിരീക്ഷണത്തിൽ നിർത്താൻ കേന്ദ്ര നിർദേശം പുറത്തുവരുമെന്നും അഭ്യൂഹങ്ങളുണ്ട്.
താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച 14 പേർ അറസ്റ്റിൽ
ജോവാൻ മധുമല
0