ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എംഎൽഎ എസ് രാജേന്ദ്രൻ അടക്കമുള്ളവരാണ് പ്രതിക്കൂട്ടിലായത്. രാജേന്ദ്രന്‍റെ വിശദീകരണം സിപിഎം അന്വേഷണ കമ്മീഷൻ ഇന്ന് കേൾക്കും.
മൂന്നാറിലെ പാര്‍ട്ടി ഓഫീസിൽ വച്ചാണ് രണ്ടംഗ കമ്മീഷൻ രാജേന്ദ്രനെ കാണുക. മൂന്നാര്‍, മറയൂര്‍ ഏരിയ കമ്മിറ്റികളിലെ അംഗങ്ങളുടെ മൊഴിയുമെടുക്കും.
നേരത്തെ അടിമാലി, മൂന്നാര്‍ ഏരിയ കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗവും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു. പ്രചാരണത്തിൽ സജീവമല്ലാതിരുന്ന രാജേന്ദ്രൻ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നെന്നാണ് ഇവരുടെ പരാതി. ഇന്ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കമ്മീഷൻ സമര്‍പ്പിക്കും.
അതേസമയം പീരുമേട് മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സിപിഐയിലെ ഒരു വിഭാഗം വീഴ്ച വരുത്തിയെന്ന പരാതിയില്‍ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചു. കമ്മീഷൻഅംഗങ്ങളായ സിപിഐ ജില്ലാ കൗൺസില്‍ അംഗം ടി വി അഭിലാഷ്, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ പ്രിന്‍സ് മാത്യു, ടി എം മുരുകന്‍ എന്നിവർ പീരുമേട്ടിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്.
തെരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തിലെ ചുമതലക്കാരനായിരുന്ന പാർട്ടി കൺട്രോൾ കമ്മീഷൻ അംഗം അവതരിപ്പിച്ച റിപ്പോർട്ടിൽ മുൻ എംഎൽഎ ഇ എസ് ബിജിമോൾ അടക്കമുള്ള നേതാക്കളുടെ വിഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിച്ചത്.