ഇടുക്കി/ കള്ളിന് നാടൻ ചാരായത്തേക്കാളും വിദേശ മദ്യങ്ങളെക്കാളും ലഹരി കിട്ടാനും കള്ള് കുടിയാന്മായെ കുടിപ്പിച്ചു കിടത്താനും കള്ള് ഷാപ്പ് നടത്തിപ്പുകാർ കഞ്ചാവ് കലർത്തുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. തൊടുപുഴയില്‍ വിൽപ്പനക്ക് വെച്ചിരുന്ന കള്ളില്‍ കഞ്ചാവിന്റെ സാന്നിധ്യം എക്സൈസ് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.
തൊടുപുഴ റേഞ്ചിലെ 25 കള്ള് ഷാപ്പുകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തിരിക്കുന്നത്. ഷാപ്പിന്റെ ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. തുടരന്വേഷണം നടക്കുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇത് സംബന്ധിച്ച് എക്സൈസ് പറയുന്നത്.
കഴിഞ്ഞ ഡിസംബറിൽ പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നത്. എക്സൈസ് കമ്മീഷണരുടെ റിപ്പോർട്ട് കിട്ടുന്ന മുറക്ക് ഷാപ്പുകളുടെ ലൈസെൻസ് ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ടുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. അതേസമയം, സംഭവം ഒത്തുതീർക്കാനും, ഷാപ്പുകൾക്കെതിരെയുള്ള ലൈസെൻസ് റദ്ദാക്കൽ നടപടി ഉണ്ടാവാതിരിക്കാനും ഇടുക്കിയിലെ ഒരു പ്രമുഖ നേതാവിന്റെ തേതൃത്വത്തിൽ സമ്മർദ തന്ത്രങ്ങൾ നടക്കുന്നുണ്ട്.