കോട്ടയം :വൈക്കത്ത് മത്സ്യക്കുളത്തിനായി നിലം കുഴിക്കവെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കാര്‍ത്തികയില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് മണ്ണിനടിയില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ വൈക്കം ഡിവൈഎസ്പി എ ജെ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. നിലം കുഴിക്കവെ ആദ്യം തലയോട്ടി കണ്ടെടുത്തതോടുകൂടി ബുധനാഴ്ച്ച നടത്തിയ വിശദമായ പരിശോധനയില്‍ എട്ട് അസ്ഥികള്‍ കൂടി കണ്ടെടുത്തു. മരിച്ചതു സത്രീയോ പുരുഷനോ, മൃതദേഹത്തിന്റെ കാലപ്പഴക്കം, മരണകാരണം തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തും
ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിയിലോ അസ്ഥികളിലോ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം അടക്കം നിര്‍ണയിക്കാന്‍ സാധിക്കു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായവരുടെ പട്ടിക ഉള്‍പ്പെടെ തയ്യാറാക്കി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു. ചെമ്മനത്തുകര സ്വദേശി അപ്പച്ചന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം ഒരു വര്‍ഷം മുമ്പാണ് രമേശന്‍ വാങ്ങിയത്. വര്‍ഷങ്ങളായി പുല്ലും പായലും വളര്‍ന്നു കിടക്കുന്ന സ്ഥലം ലീസിനെടുത്തു മത്സ്യക്കുളമൊരുക്കാന്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്.