സെക്കന്റ് ഹാൻഡ് കിമ്മി ഫ്രിഡ്ജ് വാങ്ങിയ ആൾക്ക് ഭാഗ്യം കടാക്ഷിച്ചതാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വിശേഷം. ഓൺലൈനിൽ സെക്കന്റ് ഹാൻഡ് കിമ്മി ഫ്രിഡ്ജ് വാങ്ങിയ ദക്ഷിണ കൊറിയയിലെ ഒരു യുവാവിനാണ് ഭാഗ്യം ഫ്രിൻഡ്ജിലൂടെ എത്തിയിരി ക്കുന്നത്. ഓൺലൈനായി ഗവാങ്ങിയ ഫ്രിഡ്ജ് വാങ്ങി വൃത്തിയാക്കുന്നതിനിടയിൽ യുവാവിന് 1,30,000 ഡോളർ ആണ് കിട്ടിയിരിക്കുന്നത്. 96 ലക്ഷം രൂപ.
ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിലെ ഒരു യുവാവിനാണ് വീട്ടിലെത്തിയ ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഇത്രയും വലിയ തുക കിട്ടിയത്. പ്ലാസ്റ്റിക് കൊണ്ട് പായ്ക്ക് ചെയ്ത പണം ഒരല്പം പോലും നനവ് ഉള്ളിൽ പോകാത്ത വിധം പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ചാണ് ഫ്രിഡ്ജിന്റെ അടിഭാഗത്തുള്ള മോട്ടോർ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ രഹസ്യമായെന്നോണം സൂക്ഷിച്ചിരുന്നത്. 50,000 സൗത്ത് കൊറിയൻ വോൻ കെട്ടുകളായാണ് ഫ്രിഡ്ജിൽ ഇത്തരത്തിൽ സൂക്ഷിച്ചിരുന്നത് എന്നാണ് എംബിസി ന്യൂസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
യുവാവ് പണം പോലീസിന് കൈമാറിയിരിക്കുന്ന സാഹചര്യത്തിൽ റഫ്രിജറേറ്ററിന്റെ ഓൺലൈൻ വിൽപ്പനക്കാരനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. പക്ഷെ ഇതുവരെ റഫ്രിജറേറ്ററിന്റെ ഓൺലൈൻ വില്പനക്കാരനെയോ ഉടമയെയോ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഫ്രിഡ്ജ് വാങ്ങിയ യുവാവിനെ ധനികനാക്കും.
ദക്ഷിണ കൊറിയയിൽ നിലവിലുള്ള ലോസ്റ്റ് ആൻഡ് ഫണ്ട് നിയമപ്രകാരം ഇത്തരത്തിൽ കിട്ടിയ പണത്തിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പണം കിട്ടിയ ആൾക്ക് സ്വന്തമാകും. മൊത്തം ലഭ്യമായ തുകയുടെ 22% നികുതിയായി നൽകണമെന്ന് മാത്രം. പിന്നീട് പണത്തിന്റെ യഥാർത്ഥ ഉടമ രംഗത്തെത്തിയാലും നഷ്ടപരിഹാരത്തുക വെട്ടിക്കുറക്കാം. എന്നാൽ ഏതെങ്കിലും ക്രിമിനൽ ബന്ധമുള്ള പണമാണെങ്കിൽ പണം സർക്കാരിലേക്ക് പോകും.
അതേസമയം, ഇതിൽ നിന്നെല്ലാം ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. 2016ലെ കൊറിയ ടൈംസിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത്, ബാങ്ക് പലിശ നിരക്ക് കുറവായതിനാൽ കൊറിയയിൽ കിമ്മി ഫ്രിഡ്ജിൽ പണം സൂക്ഷിക്കുന്ന ഒരു പ്രവണത തന്നെ നിലനിൽക്കുന്നു എന്നാണ്. ഇങ്ങനെ പണം വെച്ചിരുന്നത് ഓർക്കാതെയോ, മറന്നു കൊണ്ടോ ഫ്രിഡ്ജ് വിൽപ്പന നടത്തിയതാവാം.