താലിബാൻ മനോഭാവത്തെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം: എൻ. ഹരി


അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കൊടുംക്രൂരതകൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
പൈശാചികമായ പ്രവർത്തികൾക്ക് പേര് കേട്ടവരാണ് താലിബാൻ ഭീകരർ. സ്ത്രീകൾക്ക് അങ്ങേയറ്റം ദുഷ്കരമായ അന്തരീക്ഷമാണ് താലിബാൻ വിഭാവനം ചെയ്യുന്ന ജീവിതത്തിൽ ഉള്ളത്. ഖാലിദ് ഹുസൈനിയുടെ പുസ്തകത്തിലൂടെയൊക്കെ ഇതിന്റെ ഭീകരത നമ്മൾ വായിച്ചറിഞ്ഞതാണ്‌.
കലാകാരന്മാരെയും മാധ്യമ  പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും സാധാരണക്കാരെയുമൊക്കെ മൃഗീയമായ രീതിയിൽ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ നമുക്ക് ലഭ്യമായിട്ടുണ്ട്. 
നോക്കൂ, ഇത് ഒരു മനോഭാവത്തിന്റെ പ്രശ്നമാണ്. അക്രമത്തിൽ കൂടിയും, ഭീകരവാദത്തിൽ കൂടിയും, മത വിദ്വേഷത്തിൽ കൂടിയും, ആയുധമേന്തിയും അധികാരം പിടിക്കുന്നവർ മനുഷ്യജീവന് എന്ത് വില കൽപ്പിക്കുന്നു എന്ന് നമുക്ക് ഊഹിക്കാമല്ലോ. 
ഇന്നിപ്പോൾ നവമാധ്യമങ്ങളുടെ കാലമായതുകൊണ്ടു നമ്മൾ കുറെയേറെ വാർത്തകൾ അറിയുന്നുണ്ട്. 
നമ്മുടെ കേരളത്തിലും ഇതേ താലിബാൻ മനോഭാവത്തിൽ അക്രമം നടന്ന കാലമാണ് 1921. മലബാർ കലാപം. ഇന്നത്തെ പോലെ മാദ്ധ്യമ സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലത്ത് എന്തൊക്കെ നടന്നിട്ടുണ്ടാകും, എന്തൊക്കെ നമ്മൾ അറിയാതെ പോയിട്ടുണ്ടാകും എന്ന് ഊഹിക്കാമല്ലോ. മഹാത്മാഗാന്ധിയും, അംബേദ്കറും അടക്കം നിരവധി പ്രമുഖർ രൂക്ഷമായും വേദനയോടെയും മലബാർ കലാപങ്ങൾക്ക് എതിരെ പ്രതികരിക്കുകയുണ്ടായി. ഇന്നിപ്പോൾ അത് സംഭവിച്ചിട്ടു 100 വർഷമായി. 

അന്ന് നമ്മുടെ നാട്ടിൽ ജിഹാദ് നടത്തിയ വാരിയൻ കുന്നനെ ഭഗത് സിംഗിനോട് ഉപമിക്കുന്ന ഭരണകൂടമുള്ള നാടായി നമ്മുടെ കേരളം മാറി. ഭീകരവാദ ബന്ധത്തിന്റെ പേരിൽ  അറസ്റ്റുകൾ നമ്മുടെ നാട്ടിൽ നടക്കുന്നു.

മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് ആയുധമേന്തി യുദ്ധം ചെയ്യുവാൻ നമ്മുടെ കേരളത്തിൽ നിന്നും ആളുകൾ മധ്യ ഏഷ്യയിലേക്ക് കടക്കുന്നു. കശ്മീരിൽ നമുക്ക് എതിരെ യുദ്ധം ചെയ്യുവാൻ ഇവിടെ നിന്നും ആളുകൾ പോകുന്നു. 
സ്‌ത്രീകൾക്ക്‌ യാതൊരുവിധ പരിഗണനയും ലഭിക്കാത്ത ഇടങ്ങളിലേക്ക് നമ്മുടെ പെണ്കുട്ടികള് അറിയാതെ ചെന്ന് വീഴുന്നു. ഒരു തിരിച്ചുവരവ് പോലും അസാധ്യമായ രീതിയിൽ കൂടുതൽ കുഴപ്പങ്ങളിലേക്ക് ചെന്നു വീഴുന്നു.

ഇത്തരം മനോഭാവം കൊണ്ടുനടക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനമാണ് കാലങ്ങളായി ഇവിടുത്തെ ഇടതുപക്ഷ ഇക്കോ സിസ്റ്റം നടത്തുന്നത്. ഇത്തരം വിഷ ചിന്തകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നിലപാടുകൾ എന്നിവ ഇടത് രാഷ്ട്രീയക്കാരിൽ നിന്നാണ് വരുന്നത്.
താലിബാൻ ഭീകരരുടെ എണ്ണം പോലെ തന്നെ SDPI ക്കാർ ഉള്ള ഈ നാട്ടിൽ അവർക്ക് കുട പിടിക്കുന്ന ഇടത് ഭരണകൂടം കൂടി ആയപ്പോൾ കാര്യങ്ങൾ പ്രാകൃതമായ അവസ്ഥയിലേക്ക് നീങ്ങും. ഇതൊരിക്കലും അനുവദിച്ചുകൂടാ. ഒരു കാരണവശാലും ഇത്തരം മത ഭ്രാന്തുകൾക്ക് അത്തരം ആശയങ്ങൾക്ക് നമ്മൾ പ്രോത്സാഹനം നൽകുവാൻ പാടില്ല. 

ഇതിനു മുൻപ് നമ്മുടെ നാട്ടിൽ നടന്ന സംഭവങ്ങളെപ്പറ്റി നമുക്ക് ഉത്തമബോധ്യം ഉണ്ടാവണം. ഇപ്പോൾ ഭീകരവാദത്തിന്റെ പേരിൽ ലോകരാജ്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് ബോധ്യം വേണം. ഇത്തരം സംഭവങ്ങൾ ഇനി സംഭവിക്കാതിരിക്കണം എങ്കിൽ അത്തരം ആശയങ്ങൾ പേറുന്നവരെ സമൂഹം ഒരുമിച്ച് ഒറ്റപ്പെടുത്തണം.

നിർഭാഗ്യവശാൽ ഇന്നാട്ടിൽ അതിനു വേണ്ട ശ്രദ്ധ നമ്മുടെ ഭരണകൂടം നൽകുന്നില്ല, ജനങ്ങൾ അത് വേണ്ടപോലെ ശ്രദ്ധിക്കുന്നുമില്ല.
أحدث أقدم