തിരു: കൊവിഡ് അവലോകന യോഗ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും മുന്‍പ് മാധ്യമങ്ങളില്‍ വരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. യോഗത്തിലെ നിര്‍ദേശങ്ങള്‍ തീരുമാനമാകുന്നതിന് മുന്‍പ് ദൃശ്യമാധ്യമങ്ങള്‍ വഴി ചോരുന്നതിലാണ് മുഖ്യമന്ത്രിക്ക് എതിര്‍പ്പ്.
ഈ മാസം ഏഴിന് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി താക്കീത് നല്‍കി. യോഗത്തില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ തീരുമാനമാകുന്നതിന് മുന്‍പ് സര്‍ക്കാര്‍ തീരുമാനമായി ചാനലുകളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. യോഗത്തിന്റേതായി പുറത്തുവന്ന മിനിട്ട്‌സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ 30 ന് നടന്ന യോഗത്തില്‍ കൊവിഡ് നിയന്ത്രണങ്ങളുമായി അധികകാലം മുന്നോട്ട് പോകാനാകില്ലെന്നും ഇളവുകളെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യോഗത്തിന് പിന്നാലെ ഇത് വാര്‍ത്തയാവുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് ഏഴിന് നടന്ന യോഗത്തില്‍ ഇതിനെതിരെ മുഖ്യമന്ത്രി താക്കീത് നല്‍കിയത്
ഇതിന് പുറമേ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനിലൂടെ പത്തംതിട്ടയില്‍ ഒരുപാട് രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന തരത്തില്‍ തെറ്റായ റിപ്പോര്‍ട്ട് കേന്ദ്ര ടീമിനെ ഉദ്ധരിച്ച് വാര്‍ത്തകളില്‍ വന്നിട്ടുണ്ടെന്നും ഇത് ജനങ്ങള്‍ വാക്‌സിന്‍ എടുക്കാന്‍ വിമൂകത കാണിക്കുന്നതിന് കാരണമാവുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ബ്രോക്ക്ത്രൂ ഇന്‍ഫെക്ഷനിലൂടെ പത്തനംതിട്ടയില്‍ ഒരു ശതമാനത്തിന് മാത്രമാണ് രോഗം വന്നിട്ടുള്ളതെന്നും ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നും പ്രചാരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ദൂരീകരിക്കാന്‍ നടപടികള്‍ ഉണ്ടാവണം എന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു.