എന്റെ പേരില്‍ പണച്ചെലവുള്ള പരിപാടി വേണ്ട; ആദരിക്കുന്നതില്‍ സന്തോഷം; സര്‍ക്കാരിനോട് മമ്മൂട്ടി




 

കൊച്ചി: ചലച്ചിത്രലോകത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷമെന്ന് നടന്‍ മമ്മൂട്ടി. തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്നും മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍. പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. സിനിമാമന്ത്രി സജി ചെറിയാനെ മമ്മൂട്ടി ഈ നിലപാടറിയിച്ചു. 

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇതിനെ തുടർന്നാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച 'അനുഭവങ്ങള്‍ പാളിച്ചകള്‍ ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്.
Previous Post Next Post