തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം പരാജയപ്പെട്ടെന്നും രോഗ പ്രതിരോധ സംവിധാനം ആരോഗ്യ സെക്രട്ടറി ഉൾപ്പെടെ 3 ഐഎഎസ് ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തതിനാൽ മന്ത്രി വീണാ ജോർജിനു പോലും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
രോഗികൾ 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇതു മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനെ തടസ്സപ്പെടുത്തും. കോവിഡ് ഡേറ്റാ വിശകലനം നടക്കാത്തത് ഗവേഷണത്തെ ഗുരുതരമായി ബാധിച്ചു. കോവിഡ് വിവരങ്ങളിൽ പലതും തെറ്റാണ്. മുഖ്യമന്ത്രിയെ വരെ ഉദ്യോഗസ്ഥ സംഘം കബളിപ്പിച്ചു. കോവിഡ് നിയന്ത്രണ സംവിധാനം ചില ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നു.
പോസിറ്റീവ് ആയവരിൽ നിന്നു രോഗം ബാധിച്ചവരെ കണ്ടെത്താനുള്ള കോൺടാക്ട് ട്രേസിങ് പരാജയമാണ്. ഒരാൾ പോസിറ്റീവ് ആയാൽ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:1.5 എന്നതാണ് കേരളത്തിലെ കണക്ക്. വാക്സീൻ ചാലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ വാക‍്സീന് സബ്സിഡി ഏർപ്പെടുത്തണം.