ഫെയ്‌സ് ബുക്ക് പരിചയം മുതലാക്കി 11 ലക്ഷം തട്ടി; യുവതിയും ഭർത്താവും അറസ്റ്റിൽ






പന്തളം : സോഷ്യൽ മീഡിയ പരിചയം മുതലാക്കി യുവാവിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്.എൻ. പുരം ബാബു വിലാസത്തിൽ പാർവതി (31), ഭർത്താവ് സുനിൽകുമാർ (43) എന്നിവരാണ് അറസ്റ്റിലായത്. എഴുകോൺ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

പന്തളം തോന്നല്ലൂർ പൂവണ്ണാം തടത്തിൽ വാടകയ്ക്ക് താമസിക്കുന്ന  കൈപ്പുഴ ശശിഭവനിൽ മഹേഷ് കുമാറാണ് തട്ടിപ്പിന് ഇരയായത്. നരിയാപുരത്ത്  വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഇയാൾ. 

2020 ഏപ്രിലിലാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഫെയ്‌സ് ബുക്കിലൂടെ മഹേഷുമായി പരിചയപ്പെട്ട പാർവതി താൻ അവിവാഹിതയാണെന്നും സ്‌കൂൾ അധ്യാപികയാണെന്നുമാണ് പറഞ്ഞിരുന്നത്. സൗഹൃദം തുടർന്നതോടെ മഹേഷിനെ വിവാഹം കഴിക്കാമെന്നും പാർവതി വിശ്വസിപ്പിച്ചു. ഇതിനിടെ നേരിൽ കണ്ടതോടെ പാർവതിയെ തന്നെ ജീവിത സഖിയാക്കാമെന്ന് മഹേഷ് ഉറപ്പിച്ചു. 

ഇതിനിടെ തനിക്ക് 10 വയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചെന്നും ഇതിന്‍റെ കേസ് നടക്കുകയാണെന്നും മഹേഷിനെ പറഞ്ഞു വിശ്വസിപ്പിച്ചു. വക്കീലിനും മറ്റും കൊടുക്കാനും കേസ് നടത്താനുമാണ് പലപ്പോഴായി പാർവതി പണം ആവശ്യപ്പെട്ടത്. പാർവതിയുടെ ചികിത്സാ ആവശ്യത്തിനും പണം മുടക്കിയത് മഹേഷാണ്. 11 ലക്ഷത്തിലേറെ രൂപയാണ് ഇത്തരത്തിൽ മഹേഷിനു ചിലവായത്. ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ പണം കൈമാറിയത്. 

ഇതിനിടെ മഹേഷുമായി യുവതി എറണാകുളത്തെ ബന്ധുവീട്ടിലും പോയിരുന്നു. പിന്നീട് വിവാഹ കാര്യം പറയുമ്പോൾ യുവതി ഒഴിഞ്ഞു മാറിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. കാമുകിയെ കാണാൻ വീട്ടിലെത്തിയ മഹേഷ് കണ്ടത് പാർവതിയുടെ ഭർത്താവിനെയും കുട്ടികളെയും. താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെ ഇയാൾ പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു. 

തുടർന്നാണ് പാർവ്വതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്‌തത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കണ്ണൂർ, എഴുകോൺ സ്വദേശികളെയും സമാനമായി ദമ്പതികൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ ആളുകൾ പറ്റിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. 

أحدث أقدم