കോട്ടയ്ക്കൽ ( മലപ്പുറം) : മാസങ്ങൾക്കു മുൻപ് പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ മറിച്ചുവിറ്റതിന് എഎസ്ഐ ഉൾപ്പെടെ 2 പൊലീസുകാർ അറസ്റ്റിൽ.
കോട്ടയ്ക്കൽ സ്‌റ്റേഷനിലെ എഎസ്ഐ രജീന്ദ്രൻ, സീനിയർ സിപിഒ സജി അലക്സാണ്ടർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ഏപ്രിൽ 21ന് ആണ് മിനി വാനിൽ 32 ചാക്കുകളിലായി കൊണ്ടുപോവുകയായിരുന്ന 14 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 48,000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്.
സംഭവത്തിൽ വളാഞ്ചേരി സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാനും പുകയില ഉൽപന്നങ്ങൾ നശിപ്പിക്കാനും കഴിഞ്ഞ 9ന് കോടതി പൊലീസിനു നിർദേശം നൽകി. എന്നാൽ, രജീന്ദ്രനും സജി അലക്സാണ്ടറും ഇടനിലക്കാരൻ വഴി 1,20,000 രൂപയ്ക്ക് 1,600 പാക്കറ്റ് ഉൽപന്നങ്ങൾ മറിച്ചുവിറ്റെന്ന പരാതിയെത്തുടർന്നാണ് ഇരുവരും പിടിയിലായത്.
ഡിസിആർബി ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കോടതിയിൽ ഹാജരാക്കി.