മികച്ച വിജയം പ്രതീക്ഷിച്ച 9 സീറ്റില്‍ തോല്‍വി, പ്രതീക്ഷിക്കാത്ത ഏഴില്‍ വിജയം; സിപിഐഎം കണക്കുകൂട്ടല്‍ പാളി

ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് ജയത്തിന്റെ ആശ്വാസത്തില്‍ നില്‍ക്കുകയാണെങ്കിലും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചെറുതായൊന്ന് പിഴച്ചുവെന്നാണ് വിലയിരുത്തല്‍. ജയിക്കുമെന്ന് കരുതിയ 9 സീറ്റുകളിലാണ് എല്‍ഡിഎഫ് തോറ്റത്. പെരുമ്പാവൂരും പാലയും ഉള്‍പ്പെടുന്നതാണ് ഈ മണ്ഡലങ്ങള്‍. മണ്ണാര്‍ക്കാട്, ചാലക്കുടി, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, കടുത്തുരുത്തി, പാലാ, കുണ്ടറ, കരുനാഗപ്പള്ളി, കോവളം എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടി ജയം ഉറപ്പിച്ചിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു. എം സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയില്‍ 992 വോട്ടിനും ചാലക്കുടിയില്‍ 1057 വോട്ടിനുമാണ് തോറ്റത്.
 എന്നാല്‍ തോല്‍ക്കുമെന്ന് വിചാരിച്ച് 7 മണ്ഡലങ്ങളില്‍ വിജയിക്കുകയും ചെയ്തു. കണ്ണൂര്‍, അഴീക്കോട്, കുറ്റ്യാടി, നാദാപുരം, തിരുവമ്പാടി, കോഴിക്കോട് സൗത്ത്, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലാണ് തോല്‍വി പ്രതീക്ഷിച്ചെങ്കിലും വിജയിച്ചത്. കണ്ണൂരില്‍ 1745 വോട്ട്, അഴീക്കോട് 6141, കുറ്റ്യാടി 333, നാദാപുരം 4035, തിരുവമ്പാടി 5596, കോഴിക്കോട് സൗത്ത് 12459 , തൃശൂര്‍ 946 വോട്ട് വ്യത്യാസത്തിലാണ് വിജയം. ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മണ്ഡലങ്ങളിലെ വിജയവും തോല്‍വിയും സിപിഐഎം പ്രവചിച്ചത്. എന്നാല്‍ ഇത്തരത്തില്‍ വന്ന മാറ്റം തെരഞ്ഞെടുപ്പിന്റെ വിശദ അവലോകനത്തില്‍ സംസ്ഥാന നേതൃത്വം സ്വയം വിമര്‍ശനമായി ഉയര്‍ത്തി.
Previous Post Next Post