ന്യൂഡൽഹി; നാലു ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തിരിക്കും. യുഎൻ പൊതുസഭയിലും ക്വാഡ് സമ്മേളനത്തിലും പങ്കെടുക്കാനായാണ് മോദിയുടെ സന്ദർശനം.
കോവിഡ് വ്യാപനത്തിനു ശേഷം മോദിയുടെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതസംഘവും ഒപ്പമുണ്ട്.
യുഎസിലെത്തിയ ഉടൻ കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിൽ മോദി പങ്കെടുക്കുമെന്നു വിദേശകാര്യ സെക്രട്ടറി അറിയിച്ചു. 24ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡനുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചർച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്.