മലപ്പുറം : മുട്ടത്ത് ആയിഷയെ (78) കൊലപ്പെടുത്തിയ കേസിൽ പേരക്കുട്ടിയുടെ ഭർത്താവ് അറസ്റ്റിൽ. സ്കൂൾ അധ്യാപകനായ മമ്പാട് സ്വദേശി നിഷാദലിയാണ് അറസ്റ്റിലായത്.
ലക്ഷങ്ങൾ കടബാധ്യതയുള്ള നിഷാദലി കവർച്ച ലക്ഷ്യമിട്ടാണ് ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണു പ്രത്യേക പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
ജൂലൈ 16ന് രാവിലെ ആയിഷയുടെ വീട്ടിലെത്തിയ നിഷാദലി, ആയിഷയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആയിഷ അണിഞ്ഞിരുന്ന ആഭരണങ്ങൾ തട്ടിയെടുക്കാനായിരുന്നു കൊലപാതകം. ആയിഷയുടെ മരണവാർത്ത ഭാര്യ അറിയിച്ചപ്പോഴും ഒന്നുമറിയാത്ത പോലെയാണ് നിഷാദലി പെരുമാറിയത്. മറ്റാർക്കും സംശയമുണ്ടാക്കാത്ത വിധത്തിൽ കബറടക്കത്തിലും പങ്കെടുത്തു.
മണിച്ചെയിൻ ഇടപാടുകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന നിഷാദലിക്ക് നാടാകെ കടമുണ്ടെന്നാണു വിവരം. മമ്പാട് ഹൈസ്കൂളിൽനിന്ന് 80,000 രൂപയും സിസിടിവികളും കവർന്നത് താനാണെന്ന് നിഷാദലി സമ്മതിച്ചു. മറ്റു പല കവർച്ച കേസുകളിലും പ്രതിക്കു പങ്കുണ്ടെന്നാണ് സംശയം. നൂറു കണക്കിന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും ഒട്ടേറെപ്പേരെ ചോദ്യം ചെയ്തുമാണു പ്രതിയെ പിടികൂടിയത്.