നെറ്റ്‌വർക്ക് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചത് പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിലവിലുള്ള സംവിധാനം മാറാനായി ഒരു അവിശ്വാസം വന്ന ആ ഘട്ടത്തില്‍ പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അതിനപ്പുറം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ കോട്ടയത്ത് ഒരു ധാരണയുമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. എല്‍ഡിഎഫുമായോ യുഡിഎഫുമായോ ബിജെപിക്ക് ധാരണയില്ല. ഏതെങ്കിലും ഒരാളെ ഭരണത്തില്‍ നിലനിര്‍ത്താനോ ആരെയെങ്കിലും രാഷ്ട്രീയമായി താഴിയിറക്കാനോ ബിജെപിക്ക് ബാധ്യതയില്ല. എട്ട അംഗങ്ങളുള്ള ബിജെപിക്ക് മത്സരിക്കാനുള്ള കോറമുണ്ട്. തങ്ങളെ പിന്തുണയ്‌ക്കേണ്ടവര്‍ക്ക് പിന്തുണയ്ക്കാം എന്നാല്‍ ബിജെപി ആരെയും ഭരണത്തിന് വേണ്ടി പിന്തുണയ്ക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. Also Read - 'യുപി സര്‍ക്കാര്‍ എന്നെ കൊല്ലും'; ജയിലില്‍ വിഐപി പരിഗണന ആവശ്യപ്പെട്ട് ബിഎസ്പി എംഎല്‍എ കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് പ്രമേയം പാസായതോടെ നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. പ്രമേയത്തിന് അനുകൂലമായി 30 അംഗങ്ങള്‍ വോട്ട് ചെയ്തു. ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. സിപിഐഎം സ്വതന്ത്രന്റെ വോട്ടാണ് അസാധുവായത്. 22 യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തിരുമാനം. അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കി. ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു വിളിച്ച് ചേര്‍ത്ത കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് ഇന്ന് പ്രധാനപ്പെട്ട കാര്യമെന്ന് കണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുക എന്ന തീരുമാനമെന്ന് നോബിള്‍ മാത്യു വ്യക്തമാക്കി. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ല, പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് വിമതയായി ജയിച്ച് പിന്നീട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യനാണ് നിലവിലെ കോട്ടയം നഗരസഭ അധ്യക്ഷ. അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളെ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടി വന്നിരുന്നു. എന്നാല്‍ എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന നിലപാടോടെ ഈ പ്രതിസന്ധിയാണ് ഒഴിവായത്.
കോട്ടയത്ത് നിര്‍വ്വഹിച്ചത് പ്രതിപക്ഷ ധര്‍മ്മം; എല്‍ഡിഎഫുമായി ധാരണയില്ലെന്ന് സുരേന്ദ്രന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം
ജോവാൻ മധുമല
0
Tags
Top Stories