കൊല്ലം ; പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സകിട്ടാതെ ആംബുലൻസിൽ മരിച്ചതായി പരാതി. പാരിപ്പള്ളി പള്ളിവിള ജവഹർ ജങ്ഷൻ അശ്വതിയിൽ ബാബു(68)വാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനക്കാർ എത്താതിരുന്നതിനാൽ അരമണിക്കൂറോളം ആംബുലൻസിൽ കിടക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. മകൾക്കും കൊച്ചുമക്കൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ബാബു. ശനിയാഴ്ച രാത്രിയോടെ ആരോഗ്യ സ്ഥിതി മോശമാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു. തുടർന്ന് വാർഡ് കൗൺസിലറെയും ആരോഗ്യപ്രവർത്തകരെയും ബന്ധപ്പെട്ടപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ നിർദേശംലഭിച്ചു. ആരോഗ്യപ്രവർത്തകർ ആംബുലൻസ് ഏർപ്പെടുത്തി വിവരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറിയിച്ചു.