കണ്ണൂർ സർവകലാശാല സിലബസിൽ സവർക്കറുടെയും ഗോൾവർക്കറുടെയും പുസ്തകം; ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് സർവകലാശാലയുടെ ശ്രമമെന്ന് വിദ്യാർഥി സംഘടനകളുടെ ആരോപണം



കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ. സവർക്കറുടെയും ഗോൾവർക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. ഗാന്ധിയേയും നെഹ്റുവിനേയും ഒഴിവാക്കിയെന്ന് ആരോപിച്ച് കെ എസ് യു , എം എസ് എഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് നിയമിച്ച എട്ടംഗ സമിതിയാണ് പുതുക്കിയ സിലബസ് തയ്യാറാക്കിയത്. ആർ എസ് എസ് ആചാര്യൻമാരായ വി ഡി സവർക്കർ, എം എസ് ഗോൾവൾക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്. ദീന ദയാൽ ഉപാദ്യായയുടെയും ലേഖനം സിലബസിലുണ്ട്. ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് സർവകലാശാലയുടെ ശ്രമമെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. 
സിലബസിലെ കാവിവത്കരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു , എം എസ് എഫ് പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സിലബസ് പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സിൻഡിക്കറ്റ് വിശദീകരണം. ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കുകയല്ല ലക്ഷ്യമെന്നും സിൻഡിക്കറ്റ് വ്യക്തമാക്കി.
أحدث أقدم