കടകളോട് ചേർന്നു തുണി വിരിച്ചു കിടക്കും; പരിസരം വിജനമാകുമ്പോൾ' '' ജോലി " തുടങ്ങും സംസ്ഥാനാന്തര മോഷ്ടാവ് പിടിയിൽ .







ആലുവ: സംസ്ഥാനാന്തര മോഷ്ടാവ് തൂത്തുക്കുടി ലക്ഷ്മിപുരം നോർത്ത് സ്ട്രീറ്റിൽ കനകരാജ് (40) പൊലീസിന്റെ പിടിയിലായി. നഗരത്തിലെ വസ്ത്രശാലയിലും ഇലക്ട്രിക്കൽ കടയിലും കഴിഞ്ഞ ദിവസം നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രാത്രി കടകളുടെ ഷട്ടറിനോടു ചേർന്നു തുണി വിരിച്ചു കിടക്കുകയും പരിസരം വിജനമാകുമ്പോൾ താഴ് അറുക്കുകയുമാണ് ഇയാളുടെ രീതി. 
തീപ്പെട്ടിക്കൊള്ളി ഉരച്ചുണ്ടാക്കുന്ന വെളിച്ചത്തിലാണു തിരച്ചിൽ നടത്തുക. മൊബൈൽ ഫോൺ ഇല്ല. ആലുവ ബ്രിജ് റോഡിലെ കടയിൽ തീപ്പെട്ടിക്കൊള്ളി വെളിച്ചത്തിൽ മോഷണം നടത്തുന്ന ദൃശ്യം സിസിടിവിയിൽനിന്നു ലഭിച്ചിരുന്നു. അങ്ങനെയാണ് അന്വേഷണം കനകരാജിൽ എത്തിയത്. 1999ലാണ് ഇയാൾ അവസാനം പൊലീസ് പിടിയിലായതെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു. 
ഒരിടത്തും സ്ഥിരമായി തങ്ങാതെ നിരന്തരം യാത്ര ചെയ്യുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ദീർഘകാലം പൊലീസിനെ വെട്ടിച്ചു കഴിയാൻ സഹായകമായി. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആർഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. അന്വേഷണത്തിൽ ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്ഐമാരായ ആർ. വിനോദ്, രാജേഷ് കുമാർ, എഎസ്ഐ സോജി, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, അമീർ, സജീവ്, ഹാരിസ് എന്നിവർ പങ്കെടുത്തു. 


Previous Post Next Post