'കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കും'; വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്‌




കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം

കൊല്ലം: ഭർതൃവീട്ടിൽ ദുരൂ​ഹ​ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് ഭീഷണി. 

ഭീഷണിക്കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി. പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നിന്ന് പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്ന് കത്തിൽ പറയുന്നു. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരൻ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിലെ ഭീഷണി. 

ചടയമംഗലം പൊലീസ് തുടർ നടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. ത്രിവിക്രമൻ നായരുടെ മൊഴിയും രേഖപ്പെടുത്തി. കേസിൻ്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് 507 പേജുള്ള കുറ്റപത്രം പൊലീസ് ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം. 
Previous Post Next Post