സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90 ശതമാനവും വാക്സീനെടുക്കാത്തവരെന്ന് റിപ്പോർട്ട്. പ്രായാധിക്യവും ഗുരുതര രോഗവും അലട്ടുന്നവരിൽ വലിയൊരു ഭാഗം വാക്സീൻ എടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിൻ്റെ പഠനം വ്യക്തമാക്കുന്നത്. ഒൻപതിനായിരത്തിലേറെ മരണങ്ങളിൽ വാക്സീൻ എടുത്ത ശേഷം മരിച്ചവരുടെ എണ്ണം 200 മാത്രമാണ്.
രോഗവ്യാപനം തീവ്രമായ ജൂൺ, ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരണത്തിന് കീഴടങ്ങിയത് തൃശൂർ ജില്ലയിലാണ്. 1021 പേർ. ഇതിൽ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവർ 60 പേർ മാത്രമായിരുന്നു. പാലക്കാട്ട് 958 മരണങ്ങളിൽ 89 പേർ മാത്രമേ വാക്സീൻ എടുത്തിരുന്നുള്ളു. ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിലാണ് പഠനം നടത്തിയത്. ആകെ 905 പേർ മാത്രമാണ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവർ. ശരാശരി കണക്കാക്കുമ്പോൾ 9. 84 ശതമാനം മാത്രമേയുള്ളു കുത്തിവയ്പ് കിട്ടിയവർ.
ഇതിൽത്തന്നെ 700 പേർ ഒറ്റ ഡോസെ സ്വീകരിച്ചിരുന്നുള്ളു. മരിച്ചവരിൽ 67.43 ശതമാനം പേർക്ക് ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. 26 .4'1 ശതമാനത്തിന് കടുത്ത പ്രമേഹവും 26.11 ശതമാനത്തിന് ഉയർന്ന രക്തസമ്മർദമുണ്ടായിരുന്നു. ഹൃദ്രോഗികൾ 11 ശതമാനവും വൃക്കരോഗികൾ 8 ശതമാനവും. അതായത് പ്രായാധിക്യവും ഗുരുതര ആരോഗ്യ പ്രശ്നവുമുള്ള വലിയൊരു പങ്ക് വാക്സീൻ എടുക്കാൻ വിമുഖത കാണിക്കുന്നവരോ കുത്തിവയ്പ് കിട്ടാത്തവരോ ആണ്. 45 വയസിനു മുകളിലുള്ള 92% പേർ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. 18 കഴിഞ്ഞ 30 ശതമാനം പേർക്കാണ് രണ്ടു ഡോസ് വാക്സീൻ ലഭിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തോളം പേർ ചികിൽസയിൽ കഴിയുമ്പോഴും ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നവരുടേയും ഓക്സിജൻ സപ്പോർട്ട് ആവശ്യമായി വരുന്നവരുടേയും എണ്ണം കുറവാണ്. വാക്സിനേഷൻ്റെ ഫലമെന്നാണ് വിലയിരുത്തൽ. മരണങ്ങൾ കുറയ്ക്കാൻ വാക്സിനേഷൻ ഊർജിതമാക്കണമെന്നു കൂടിയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.